2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ട്രാവിസ് ഹെഡ് മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിലെ ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ഹെഡിനെ ലക്ഷ്യം വെക്കുന്നു.
2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 120 പന്തില്‍ 137 റണ്‍സ് എടുത്ത് ഹെഡ് മികച്ച പ്രകടനമാണ് ഓസീസിനു വേണ്ടി കാഴ്‌ചെവച്ചത്.
ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് മാറിനിന്നെങ്കിലും വമ്പന്‍ തിരിച്ചുവരവാണ് ഹെഡ് നടത്തിയത്. ഇതുവരെ ട്രാവിസ് ഹെഡ് 10 ഐ.പി.എല്‍ മത്സരങ്ങളാണ് കളിച്ചിട്ടുള്ളത് അതില്‍ ഏകദേശം 140 സ്‌ട്രൈക്ക് റേറ്റില്‍ 325 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗുളൂരുവിന് വേണ്ടിയും ദല്‍ഹിക്ക് വേണ്ടിയും ഹെഡ് കളിച്ചിട്ടുണ്ട്. 2024 ഐ.പി.എല്ലില്‍ ദല്‍ഹി ഹെഡിനെ ആഗ്രഹിക്കുന്നതിന് മൂന്നു കാരണങ്ങളും ഉണ്ട്.
കഴിഞ്ഞ സീസണില്‍ ട്രാവിസ് ഹെഡിനെ ദല്‍ഹി ക്യാപിറ്റല്‍സിലേക്ക് കൊണ്ടുവരാന്‍ ഹെഡ് കോച്ച് റിക്കി പോണ്ടിങ് ശ്രമിച്ചത് കൊണ്ട് തന്നെ ഈ തവണ മികച്ച ഫോമില്‍ നില്‍ക്കുന്ന ഹെഡിനെ ടീമില്‍ എത്തിക്കാന്‍ ഡി.സി ശ്രമിക്കുമെന്ന് ഉറപ്പാണ്. മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും മറ്റ് ഓസീസ് കളിക്കാരും ഡി.സി ക്യാമ്പില്‍ ഉണ്ട്.
രണ്ടാമതായി ഉള്ള കാരണം ദല്‍ഹിക്ക് മികച്ച ഓപ്പണിങ് ജോഡികളെ ആവശ്യമുള്ളതാണ്. ഡേവിഡ് വാര്‍ണറിനൊപ്പം മികച്ച പങ്കാളിയാവാന്‍ ഹെഡിന് സാധിക്കും എന്നതും ഇരുവരും ഓസീസ് താരങ്ങള്‍ ആണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഇരുവരും അന്താരാഷ്ട്ര തലത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ധാരാളം മികച്ച കൂട്ടുകെട്ട് നടത്തിയിട്ടുണ്ട്.
മറ്റൊരു കാരണം ഹെഡ് ഒരു മികച്ച ഓള്‍ റൗണ്ടര്‍ ആണെന്നതുതന്നെയാണ്. ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മയുടെ വിക്കറ്റിനായി മികച്ച ക്യാച്ചാണ് അദ്ദേഹം ഫീല്‍ഡിങ്ങില്‍ നിന്നും സ്വന്തമാക്കിയത്. കൂടാതെ ഹെഡ് ഒരു മികച്ച ഓഫ് സ്പിന്നര്‍ കൂടെയാണ്. 2023ലെ സെമി-ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച ബോളിങ് നടത്തിയത് ഇതിനു ഉദാഹരണമാണ്.