| Sunday, 18th August 2024, 9:27 am

ലണ്ടൻ കലാപം; 92 ശതമാനം മുസ്‌ലിങ്ങളും അരക്ഷിതാവസ്ഥയിലെന്ന് സർവേ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: തീവ്ര വലതുപക്ഷക്കാർ നടത്തിയ കലാപത്തിന് പിന്നാലെ ലണ്ടനിലെ 92 ശതമാനം മുസ്‌ലിങ്ങൾക്കും തങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് റിപ്പോർട്ട്. മുസ്‌ലിം വിമൻസ് നെറ്റ്‌വർക്ക് നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്.

ആഗസ്റ്റ് 5 ,6 തീയതികളിൽ നടത്തിയ സർവേയിൽ കലാപത്തിൻ്റെ തുടക്കം മുതൽ ആറിലൊരാൾ വംശീയ ആക്രമണങ്ങൾക്ക് വിധേയരായതായി കണ്ടെത്തി.

മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് ചാരിറ്റിയായ ടെൽ മാമയും കലാപ സമയത്തും അതിനുശേഷവും ഇസ്‌ലാമോഫോബിയ വർധിച്ചു എന്ന റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.

മുസ്‌ലിം സ്ത്രീകൾക്കെതിരായ വധഭീഷണി ഉൾപ്പെടെ 500 ഓളം ഓൺലൈൻ, ഓഫ്‌ലൈൻ ഭീഷണികൾ ഈ കാലയളവിൽ ലഭിച്ചതായി ടെൽ മാമ ചാരിറ്റി അറിയിച്ചു.

തങ്ങൾ ക്രൂരമായ ഇസ്‌ലാമോഫോബിയ ആക്രമണങ്ങൾക്ക് ഇരയായതായി നിരവധി മുസ്‌ലിങ്ങൾ, മുസ്‌ലിം വിമൻസ് നെറ്റ്‌വർക്കിനോട് പറഞ്ഞു. ഓഗസ്റ്റ് 2 ന് തീവ്ര വലതുപക്ഷക്കാർ നടത്തിയ ആക്രമണത്തിൽ ലിവർപൂളിലെ അബ്ദുല്ല ക്വില്ല്യം മസ്ജിദിൽ അഭയം തേടേണ്ടി വന്നതായി ലണ്ടൺ സ്വദേശിയായ ലീല തമിയ പറഞ്ഞു.

‘കലാപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ എന്നെയും എന്റെ സമൂഹത്തെയും സംരക്ഷിക്കാൻ വേണ്ടി പൊലീസിനെ ആശ്രയിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ലീല തമിയ പറഞ്ഞു.

തങ്ങളെ പൊലീസ് സംരക്ഷിക്കാൻ പോകുന്നില്ലെന്ന് 26 കാരനായ പി.എച്ച്‌.ഡി വിദ്യാർത്ഥിയും പറഞ്ഞു. ‘ പൊലീസ് ഞങ്ങളെ സംരക്ഷിക്കാൻ പോകുന്നില്ല എന്ന ധാരണ എനിക്ക് ഉണ്ടായിരുന്നു. അത് സത്യമായിരുന്നു. അതിനാൽ മുസ്‌ലിം സമുദായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് വളരെ പ്രധാനമാണ്. സന്തോഷകരമായ ഒരു കാര്യം എന്തെന്ന് വെച്ചാൽ ആ വെള്ളിയാഴ്ച്ച പള്ളി സംരക്ഷിക്കാൻ അമുസ്‌ലിം വിഭാഗത്തിൽ പെട്ട ധാരാളം പേർ ഉണ്ടായിരുന്നു എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

‘കൊല്ലപ്പെട്ട മൂന്ന് പെൺകുട്ടികളെ ഓർത്ത് ഞങ്ങൾക്ക് സങ്കടമുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നാലെ അവർ ഞങ്ങളെ സംശയിക്കുകയാണ്,’ 29 കാരിയായ കവിയത്രി ആമിന അതിഖ് പറഞ്ഞു. കലാപകാരികൾക്കെതിരെ അവർ രോഷാകുലരാവുകയും ചെയ്തു.

വിദ്വേഷ കുറ്റകൃത്യ നിയമം പുനർപരിശോധിക്കാൻ മുസ്‌ലിം വിമൻസ് നെറ്റ്‌വർക്കിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ബറോണസ് ഷൈസ്ത ഗോഹിർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

“കഴിഞ്ഞ ദശകത്തിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു, വിദ്വേഷ കുറ്റകൃത്യ നിയമങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. അത് പുനർപരിശോധിക്കേണ്ടിയിരിക്കുന്നു ,” അവർ പറഞ്ഞു.

സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന്‍ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാർട്ടിയിൽ കുട്ടികളെ ആക്രമിച്ചത് തീവ്ര ഇസ്‌ലാമിക് കുടിയേറ്റക്കാരനാണെന്ന വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ കുറ്റവാളി ബ്രിട്ടീഷ് വംശജനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ലണ്ടനിൽ മുസ്‌ലിങ്ങൾക്കെതിരെ വ്യാപകമായി അതിക്രമങ്ങൾ നടക്കുകയായിരുന്നു.

Content Highlight : Three-quarters of Muslims worried about their safety after far-right riots, poll says

Latest Stories

We use cookies to give you the best possible experience. Learn more