| Saturday, 5th January 2019, 9:41 am

ഫ്രാന്‍സില്‍ മാക്രോണിന്റെ ഭരണത്തില്‍ 75 ശതമാനം ജനങ്ങളും അസംതൃപ്തര്‍; സര്‍വ്വേ ഫലം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഭരണത്തില്‍ ഭൂരിഭാഗം ജനങ്ങളും അതൃപ്തരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഫിഗാരോ പത്രം നടത്തിയ സര്‍വെ പ്രകാരം 25 ശതമാനം ജനങ്ങള്‍ മാത്രമാണ് മാക്രോണിന്റെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യെല്ലോ വെസ്റ്റ്് എന്ന പ്രതിഷേധക്കാര്‍ രംഗത്ത് വന്നതോടെ കഴിഞ്ഞ രണ്ട് മാസങ്ങളായി മാക്രോണിനെ സാരമായി ബാധിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് മാക്രോണിന് ഇന്ധന വില കുറക്കുന്നത് ഉള്‍പ്പടെയുള്ള തീരുമാനങ്ങളില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.

രാജ്യത്ത് വരുമാന വര്‍ധനവിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം. 20 മാസത്തിനിടെ വലിയ വെല്ലുവിളികളാണ് മാക്രോണ്‍ നേരിട്ടത്.

Also Read:  അടൂരില്‍ അക്രമ പരമ്പര തുടരുന്നു; മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

രണ്ട് മാസമായി ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധനവിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങള്‍ തുടരുകയാണ്. കുടുംബ ബജറ്റിനെ തകര്‍ക്കുന്ന മാക്രോണിന്റെ നയങ്ങളില്‍ ഇളവു വരുത്തണമെന്നായിരുന്നു ജനങ്ങളുടെ പ്രധാന ആവശ്യം.

തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്നും ധനവിനിയോഗ ശേഷി വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളും സര്‍വ്വെയില്‍ ഉയര്‍ന്നു. 2018 ഏപ്രിലില്‍ നടത്തിയ സര്‍വെയില്‍ 59 ശതമാനമായിരുന്നു പ്രസിഡന്റില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

ഏഴ് മാസങ്ങള്‍ക്ക് ശേഷം അതൃപ്തരായവരുടെ എണ്ണത്തില്‍ 25 ശതമാനത്തിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സര്‍വെയില്‍ 55 ശതമാനം പേരും പ്രക്ഷോഭങ്ങള്‍ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്.

We use cookies to give you the best possible experience. Learn more