ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി ഒരു ഇടവേളക്ക് ശേഷം ലീഗ് വണ്ണിൽ തങ്ങളുടെ ജൈത്രയാത്ര പുനരാരംഭിച്ചിരിക്കുകയാണ്.
എന്നാൽ ഇടവേളക്ക് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും പി.എസ്.ജിക്ക് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല.
കൂടാതെ ക്ലബ്ബിന്റെ സൂപ്പർ താരങ്ങളായ മെസി, എംബാപ്പെ, നെയ്മർ എന്നിവർ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ക്ലബ്ബിനെ വലക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇതിനിടയാണ് നെയ്മറെ ഒഴിവാക്കാൻ പി. എസ്.ജിക്ക് പദ്ധതികളുണ്ടെന്ന അഭ്യൂഹങ്ങൾ അടുത്ത ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
എംബാപ്പെക്ക് നെയ്മർ ക്ലബ്ബിൽ തുടരുന്നതിൽ താല്പര്യമില്ലെന്നും ടോട്ടൻഹാം യുണൈറ്റഡിൽ നിന്ന് ഹാരി കെയ്നെ ടീമിലെത്തിക്കാനാണ് എംബാപ്പെ ക്ലബ്ബിനോട് നിരന്തരം ആവശ്യപ്പെടുന്നത് എന്ന മട്ടിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് നെയ്മറെ ഒഴിവാക്കി എംബാപ്പെയിലും മെസിയിലും ക്ലബ്ബ് കൂടുതൽ ശ്രദ്ധ ചെലുത്താൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതിന് പിന്നാലെ നെയ്മറെ സ്വന്തം തട്ടകത്തിലേക്ക് എത്തിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ചെൽസി, മാഞ്ചസ്റ്റർസിറ്റി,ന്യൂ കാസിൽ യുണൈറ്റഡ് മുതലായ ക്ലബ്ബുകളാണ് നെയ്മർക്കായി രംഗത്തുള്ളത് എന്നാണ് വാർത്തകൾ. കൂടാതെ നെയ്മറുടെ റീലീസ് ക്ലോസ് പി.എസ്.ജി വലിയ തോതിൽ കുറച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
2027വരെ പി.എസ്.ജിയുമായി കരാറുള്ള നെയ്മറുടെ റിലീസ് ക്ലോസ് തുക ചെറുതാണെങ്കിലും ശമ്പളം അടക്കം വൻ തുക താരത്തിനായി ചെലവാക്കെണ്ടി വരും എന്നത് പല ക്ലബ്ബുകളെയും നെയ്മറെ നോട്ടമിടുന്നതിൽ നിന്നും തടയുന്നുണ്ട്.
അതേസമയം ശനിയാഴ്ച ചാറ്റർബോക്സിനെതിരെ നടന്ന മത്സരത്തിൽ പി.എസ്.ജി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മത്സരം വിജയിച്ചു. എംബാപ്പെ, നെയ്മർ, മെസി എന്നീ സൂപ്പർ താരങ്ങൾ ഇല്ലാതെയായിരുന്നു പി.എസ്.ജി മത്സരത്തിനിറങ്ങിയത്.
Content Highlights: Three Premier League clubs ready to sign Neymar; Reports