തിരുവനന്തപുരം: ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന പൊലീസുകാര്‍ക്കെതിരെയുള്ള നടപടി തുടര്‍ന്ന് സര്‍ക്കാര്‍. തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു.
തിരുവനന്തപുരം സിറ്റി പൊലീസി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സി.ഐ. അഭിലാഷ് ഡേവിഡ്, പൊലീസ് ഡ്രൈവര്‍ ഷെറി എസ്.രാജ്, ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
പിരിച്ചുവിട്ടവരില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പീഡനക്കേസില്‍ പ്രതിയായതിനും ഒരാള്‍ പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനുമാണ് നടപടി.
റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധം പുലര്‍ത്തിയതിന് സസ്‌പെന്‍ഡ് ചെയ്തിരുന്ന സി.ഐ. അഭിലാഷ് ഡേവിഡിനെ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് പിരിച്ചുവിട്ടത്.
ലൈംഗികപീഡന കേസിലും വയോധികയെ മര്‍ദിച്ച കേസിലെയും പ്രതിയാണ് നടപടി നേരിട്ട മറ്റൊരു ഉദ്യോഗസ്ഥനായ ഷെറി എസ്. രാജ്. റെജി ഡേവിഡും ഒരു പീഡനക്കേസിലെ പ്രതിയാണ്. ഇയാള്‍ തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.
ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെ പിരിച്ചുവിടുന്ന നടപടിക്ക് ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.
ബലാത്സംഗമടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി ഇതിന്റെ ഭാഗമായിരുന്നു.
പൊലീസ് ആക്ടിലെ 86ാം വകുപ്പ് പ്രകാരമാണ് സുനുവിനെ പിരിച്ചുവിടാന്‍ നടപടി കൈക്കൊണ്ടത്. ഈ ചട്ടം ഉപയോഗിച്ച് പിരിച്ചുവിടുന്ന ആദ്യ ഉദ്യോഗസ്ഥനാണ് സുനു.
ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Three policemen were dismissed in Thiruvananthapuram.