| Wednesday, 4th January 2023, 6:04 pm

രണ്ടാം മത്സരത്തില്‍ ബെഞ്ചിലാകന്‍ പോകുന്ന മൂന്ന് താരങ്ങള്‍; കൂട്ടത്തില്‍ മുമ്പന്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്ന ഇന്ത്യ കഷ്ടിച്ച് വിജയം പിടിച്ചെടുത്തത്.

ടീമിലെ വമ്പന്‍ പേരുകാരെല്ലാം തന്നെ മങ്ങിയതോടെയാണ് ഇന്ത്യയുടെ വിജയത്തിനും മാറ്റ് കുറഞ്ഞത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പല വമ്പന്‍ പേരുകാരും ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി.

വാംഖഡെയില്‍ വെച്ച് നടന്ന മത്സരത്തില്‍ വിജയിച്ചെങ്കിലും താരങ്ങളുടെ പ്രകടനം മാനേജ്‌മെന്റിനെ ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിയ പലരും രണ്ടാം മത്സരത്തില്‍ ബെഞ്ചിലരിക്കേണ്ടി വന്നേക്കും. അത്തരത്തില്‍ അടുത്ത മത്സരത്തില്‍ ടീമില്‍ നിന്നും പുറത്താകാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍.

സഞ്ജു സാംസണ്‍

ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു സഞ്ജു സാംസണ്‍ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളോടും തന്റെ തന്നെ മുന്‍കാല പ്രകടനങ്ങളോടും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയ പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്.

ആറ് പന്തില്‍ നിന്നും കേവലം അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അനാവശ്യ ഷോട്ട് കളിച്ചായിരുന്നു താരത്തിന്റെ മടക്കം. ഗില്ലും സൂര്യകുമാര്‍ യാദവും ഒറ്റയക്കത്തിന് പുറത്തായതിന് പിന്നാലെയാണ് സഞ്ജു കളത്തിലിറങ്ങിയത്. എന്നാല്‍ ഇരുവരെയും പോലെ സഞ്ജുവും ഒറ്റയക്കത്തിന് മടങ്ങുകയായിരുന്നു.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വന്നതിന് ശേഷം ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ പോയ സഞ്ജുവിനെ അടുത്ത മത്സരത്തില്‍ ബെഞ്ചിലിരുത്താനുള്ള സാധ്യതയാണുള്ളത്. ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കാതെ പോയ രാഹുല്‍ ത്രിപാഠിയെ ചിലപ്പോള്‍ ടീം സഞ്ജുവന് പകരം പരിഗണിച്ചേക്കും.

ഹര്‍ഷല്‍ പട്ടേല്‍

ബൗളിങ്ങില്‍ മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഹര്‍ഷല്‍ പട്ടേലിന് ബെഞ്ചിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 41 റണ്‍സാണ് ഹര്‍ഷല്‍ കഴിഞ്ഞ മത്സരത്തില്‍ വഴങ്ങിയത്.

രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഡെത്ത് ഓവറില്‍ വഴങ്ങിയ 16 റണ്‍സും 10.25 എന്ന എക്കോണമിയുമാണ് ഹര്‍ഷലിന് തിരിച്ചടിയാകുന്നത്.

സൂപ്പര്‍ താരം അര്‍ഷ്ദീപ് സിങ്ങും അണ്‍ക്യാപ്ഡ് തരം മുകേഷ് കുമാറും ടീമിനൊപ്പമുണ്ടെന്നിരിക്കെ രണ്ടാം മത്സരത്തില്‍ ഹര്‍ഷല്‍ ബെഞ്ചിലിരിക്കേണ്ടി വന്നേക്കും.

യൂസ്വേന്ദ്ര ചഹല്‍

കഴിഞ്ഞ മത്സരത്തില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരമണ് സ്റ്റാര്‍ സ്പിന്നര്‍ യസ്വേന്ദ്ര ചഹല്‍. രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞ ചഹല്‍ 26 റണ്‍സാണ് വിട്ടുനല്‍കിയത്. 13 എക്കോണമിയുള്ള ചഹലിന് കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല.

വാഷിങ്ടണ്‍ സുന്ദറാണ് ചഹലിന് പകരം ടീമില്‍ ഇടം നേടന്‍ സാധ്യത കല്‍പിക്കുന്നത്. ബാറ്റിങ്ങിലും മികച്ച സ്റ്റാറ്റ്‌സ് ഉള്ളതിനാല്‍ ബൗളിങ് ഡിപ്പാര്‍ട്‌മെന്റലും ബാറ്റിങ്ങില്‍ മിഡില്‍ ഓര്‍ഡറിലും വാഷിങ്ടണ്‍ കരുത്ത് കാട്ടും.

Content highlight: Three players who will be benched in the second match

We use cookies to give you the best possible experience. Learn more