ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം അത്രകണ്ട് മികച്ചതായിരുന്നില്ല. അനുഭവസമ്പത്തുള്ള സീനിയര്‍ താരങ്ങളും യുവതാരങ്ങളുമായി ഓസ്‌ട്രേലിയയിലേക്ക് പറന്ന ഇന്ത്യന്‍ ടീം കിരീടം നേടാന്‍ സാധിക്കാതെ തിരിച്ചുവരികയായിരുന്നു.
വമ്പന്‍ പ്രതീക്ഷകളുമായി ടീമിനൊപ്പം ചേര്‍ന്ന പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമിന് വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ പോയി.
സെമി ഫൈനലില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മോശം തോല്‍വികളൊന്ന് ഏറ്റുവാങ്ങിയായിരുന്നു ഇന്ത്യ നാണംകെട്ട് പുറത്തായത്. പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.
തോല്‍വിക്ക് പിന്നാലെ പല താരങ്ങളും വിരമിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുപ്പതുകളുടെ മധ്യത്തിലെത്തിയ വെറ്ററന്‍ താരങ്ങളുടെ പേരുകളാണ് ഇതില്‍ അധികവും.
ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍ തുടങ്ങിയ താരങ്ങളുടെ അവസാന ടി-20 മത്സരമായിരിക്കും സെമിയിലേതെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഈ തോല്‍വിക്ക് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യത കല്‍പിക്കുന്ന മൂന്ന് താരങ്ങള്‍
ദിനേഷ് കാര്‍ത്തിക്
2022 ഐ.പി.എല്ലില്‍ നടത്തിയ മികച്ച പ്രകടനമാണ് ദിനേഷ് കാര്‍ത്തിക്കിനെ വീണ്ടും ഇന്ത്യയുടെ കരിനീല ജേഴ്‌സിയിലേക്കെത്തിച്ചത്. ഐ.പി.എല്ലില്‍ ആര്‍.സി.ബിയുടെ മധ്യനിരയിലെ വിശ്വസ്തനായ താരമായിരുന്നു ദിനേഷ് കാര്‍ത്തിക്.
വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലും ഫിനിഷറുടെ റോളിലും ഒരുപോലെ തിളങ്ങിയ ഡി.കെ ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച പെര്‍ഫെക്ട് ഫിനിഷറായി പോലും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഈ ടാഗുകളുമായി ലോകകപ്പിനെത്തിയ ദിനേഷ് കാര്‍ത്തിക്കിന് ഐ.പി.എല്ലിലെ തന്റെ പ്രകടനത്തിന്റെ ഏഴ് അയലത്തെത്താന്‍ പോലും സാധിച്ചിരുന്നില്ല.
വിക്കറ്റ് കീപ്പറുടെ റോളിലും ബാറ്ററുടെ റോളിലും ഫിനിഷറുടെ റോളിലും തുടര്‍പരാജയമായ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കണമെന്ന് ആരാധകരും ആവശ്യപ്പെട്ടിരുന്നു. ഒരുപക്ഷേ അഡ്‌ലെയ്ഡിലെ ടി-20 മത്സരം ദിനേഷ് കാര്‍ത്തിക്കിന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെ അവസാന മത്സരമായേക്കും.
ആര്‍. അശ്വിന്‍
ഒരിക്കലും ടി-20 ഫോര്‍മാറ്റിന് പറ്റിയ സ്പിന്നറല്ല എന്ന് ആര്‍. അശ്വിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ച ടൂര്‍ണമെന്റായിരുന്നു ഇത്. ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ അന്തം വിട്ട ഇന്‍ക്ലൂഷനുകളില്‍ ഒന്നായിരുന്നു അശ്വിന്റേത്.
വിരാട് ക്യാപ്റ്റനായിരുന്നപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന അശ്വിന്‍ ടി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുകയും അടി വാങ്ങിക്കൂട്ടുകയുമായിരുന്നു.
മുഹമ്മദ് ഷമി
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യ നേരത്തെ തന്നെ നടതള്ളിയ താരമായിരുന്നു മുഹമ്മദ് ഷമി. ഒരുവേള തങ്ങളുടെ ടി-20 പരീക്ഷണങ്ങളില്‍ ഷമിയുടെ പേര് ഉണ്ടാകില്ലെന്ന് പോലും ബി.സി.സി.ഐ പറഞ്ഞിരുന്നു.
ടി-20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനായിട്ടായിരുന്നു താരം ടീമിലെത്തിയത്. നേരത്തെ സ്റ്റാന്‍ഡ് ബൈ ആയി മാത്രം സ്‌ക്വാഡിനൊപ്പം ചേര്‍ന്ന ഷമി, ബുംറക്ക് പരിക്കേറ്റതിന് പിന്നാലെ സ്‌ക്വാഡില്‍ ഇടം നേടുകയായിരുന്നു.
മേല്‍ പറഞ്ഞ താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ താരതമ്യേന മികച്ച പ്രകടനമായിരുന്നു ഷമിയുടേത്. എന്നാല്‍ താരത്തിന്റെ പ്രായവും പേസ് നിരയില്‍ എണ്ണം പറഞ്ഞ യുവതാരങ്ങള്‍ പുറത്ത് നില്‍ക്കുന്നതും കണക്കിലെടുത്താല്‍ ടി-20യില്‍ ഷമിക്ക് ഇനി ഒരു ബാല്യമുണ്ടാകില്ല. ഒപ്പം മുന്‍ കാലത്തെ ബി.സി.സി.ഐയുടെ തീരുമാനങ്ങളും കണക്കിലെടുത്താല്‍ ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ ഇനി ഷമിക്ക് സാധിക്കില്ല.
Content Highlight: Three players who are likely to retire from the shortest format after the T20 World Cup