| Wednesday, 2nd August 2023, 10:15 pm

പേടിക്കണം ഇവന്‍മാരെ, ഏകദിനം പോലെയല്ല; ടി-20യില്‍ ഇന്ത്യക്ക് പണിയാകാന്‍ സാധ്യതയുള്ള മൂന്ന് പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പര നാളെയാണ് ആരംഭിക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കണം ടി-20ക്കും ഇറങ്ങുക. ടെസ്റ്റ് പരമ്പര 1-0ത്തിനും ഏകദിനം 2-1ത്തിനുമായിരുന്നു ഇന്ത്യ നേടിയത്.

ട്വന്റി-20 ക്രിക്കറ്റ് വരുമ്പോള്‍ വിന്‍ഡീസിനെ തീര്‍ച്ചയായും എഴുതിതള്ളാന്‍ സാധിക്കില്ല. ഏകദിനത്തിലും ടെസ്റ്റിലും പരാജയപ്പെടുത്തിയത് പോലെ ടി-20യില്‍ വിന്‍ഡീസിനെ ഇന്ത്യക്ക് അനായാസം പരാജയപെടുത്താന്‍ സാധിക്കില്ല. പരീക്ഷണങ്ങളുമായി ഇറങ്ങുന്ന ഇന്ത്യ വിന്‍ഡീസിന്റെ വെടിക്കെട്ട് ടി-20 ടീമിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നത് എന്ന് കണ്ട് തന്നെ അറിയണം.

ടി-20യിലേക്ക് വരുമ്പോള്‍ വിന്‍ഡീസ് നിരയിലെ ചില താരങ്ങളെ ഇന്ത്യ തീര്‍ച്ചയായും പേടിക്കണം. ഇന്ത്യയുടെ ബൗളിങ് മീഡിയോക്കോറാകുകയാണെങ്കില്‍ ഈ താരങ്ങള്‍ ബോള്‍ ഗ്രൗണ്ട് കടത്തുമെന്നുറപ്പാണ്. മിഡില്‍ ഓര്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ഒബെദ് മക്കോയ് എന്നിവരാണ് ഇന്ത്യക്ക് പണികൊടുക്കാന്‍ ഏറ്റവും സാധ്യതയുള്ള വിന്‍ഡീസ് താരങ്ങള്‍.

ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ള താരമാണ പൂരന്‍. ഈയിടെ അമേരിക്കയില്‍ സമാപിച്ച മേജര്‍ ക്രിക്കറ്റ് ലീഗിലെ മികച്ച ഫോമുമായാണ് അദ്ദേഹം ഇന്ത്യയെ നേരാടാന്‍ വരുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പൂരന്‍ തന്നെയാണ്. എട്ട് മത്സരത്തില്‍ നിന്നും 167 പ്രഹരശേഷിയില്‍ 64 ശരാശരയില്‍ 388 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഫൈനലിലെ മികച്ച പ്രകടനവും ഇതില്‍ ഉള്‍പ്പെടും. 55 പന്ത് നേരിട്ട് നേടിയ 137 റണ്‍സാണ് എം.ഐ. ന്യൂയോര്‍ക്കിനെ കിരീടത്തിലേക്ക് നയിച്ചത്. തന്റെ ആ ഇന്നിങ്‌സില്‍ 10 ഫോറും 13 സിക്‌സറും അദ്ദേഹം അടിച്ചുകൂട്ടിയിരുന്നു. തന്റെ ടാലെന്റിനും ഈ ഫോമിനുമൊത്ത് അദ്ദേഹം ഉയര്‍ന്നാല്‍ തീര്‍ച്ചയായും അത് ഇന്ത്യക്ക് പണിയാകും.

ഇക്കഴിഞ്ഞ ഏകദിന പരമ്പര മറക്കാന്‍ ശ്രമിക്കുന്ന താരമായിരിക്കും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. മൂന്ന് ഏകദിനത്തിലും ബാറ്റ് ചെയ്ത താരത്തിന്റെ സംഭാവന 11, 4, 9 എന്നിങ്ങനെയാണ്. ഏകദിനത്തില്‍ പരാജയമായെങ്കിലും ട്വന്റി-20യില്‍ അദ്ദേഹം അപകടകാരിയായി ബാറ്ററാണ്. ഹെറ്റ്മയറിന്റെ ഫോം പരമ്പരയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നത് തീര്‍ച്ചയാണ്.

ലെഫ്റ്റ് ഹാന്‍ഡ് പേസ് ബൗളര്‍മാര്‍ ഇന്ത്യക്ക് എന്നും പണികൊടുക്കാറുണ്ട്. മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷഹീന്‍ അപ്രിദി എന്നിവര്‍ സമീപകാല ക്രിക്കറ്റില്‍ ഇന്ത്യയുടെ നടുവൊടിച്ച ലെഫ്റ്റ് ഹാന്‍ഡഡ് പേസ് ബൗളര്‍മാരാണ്. വെസ്റ്റ് ഇന്‍ഡീസ് നിരയിലും ഇന്ത്യക്ക് പണികൊടുക്കാന്‍ തകെല്‍പ്പുള്ള അത്തരത്തിലുള്ള ഒരു താരമുണ്ട്. ഒബെദ് മക്കോയ്.

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 പരമ്പരയില്‍ ഇന്ത്യക്കെതിരെ ഒരു മത്സരത്തില്‍ അദ്ദേഹം ആറ് വിക്കറ്റ് നേടിയിരുന്നു. തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായിരുന്നു അത്. ആറ് വിക്കറ്റ് നേടാന്‍ അദ്ദേഹ വിട്ടുനല്‍കിയത് വെറും 17 റണ്‍സായിരുന്നു. മത്സരത്തില്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.

ട്വന്റി-20യില്‍ ഇതുവരെ 27 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 38 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. യുവനിരയുമായെത്തുന്ന ഇന്ത്യന്‍ ടീമിന് പണികൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്ന് കണ്ടറിയണം.

Content Highlight: Three Players to Watchout In West Indies vs India

We use cookies to give you the best possible experience. Learn more