റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്നാരംഭിച്ച മൂന്നാം ടെസ്റ്റില്‍ കൗതുകകരമായ ഒരു കാര്യത്തിനാണ് റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. മത്സരം ആരംഭിക്കുന്നതിനു മുന്‍പാണ് ഇക്കാര്യം സംഭവിച്ചത്.
ടോസ് വേളയില്‍ സാധാരണയായി ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരാണ് ഗ്രൗണ്ടിലേക്കെത്തുക. അതില്‍ ഹോം ടീം ക്യാപ്റ്റന്‍ ടോസ് ചെയ്യുകയും എവേ ടീം ക്യാപ്റ്റന്‍ ടോസ് വിളിക്കുകയും ചെയ്യണം.
റാഞ്ചിയില്‍ എവേ ടീമായ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടോസ് വിളിക്കാനായി മറ്റൊരു ‘ക്യാപ്റ്റനെ’യും കൊണ്ടാണ് ഗ്രൗണ്ടിലേക്കെത്തിയത്.
പക്ഷേ ഡുപ്ലെസിസിന്റെ അവസ്ഥ തന്നെയായിരുന്നു ബാവുമയ്ക്കും. ടോസ് ഇത്തവണയും നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിനു മുന്‍പു നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഡുപ്ലെസിസ് പറഞ്ഞിരുന്നു. എന്നാല്‍ ബാവുമയ്ക്കും ടോസ് ലഭിക്കാതായതോടെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ടോസ് വേളയില്‍ അദ്ദേഹം പ്രതികരിച്ചത്.
ഇതാദ്യമായല്ല ‘പകരക്കാരന്‍ ക്യാപ്റ്റന്‍’ ടോസ് വേളയിലെത്തുന്നത്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയ-ശ്രീലങ്ക വനിതാ ട്വന്റി20 മത്സരത്തില്‍ ഇങ്ങനെ സംഭവിച്ചിരുന്നു. ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ്, അലീസ ഹീലിയെയാണ് ഇത്തരത്തില്‍ അവതരിപ്പിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് ലാനിങ് ഹീലിയെ പകരക്കാരന്‍ ക്യാപ്റ്റനാക്കിയത്. എന്നാല്‍ ഹീലി ഓസീസിനു വേണ്ടി ടോസ് ജയിച്ചു. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത ഓസീസ് മത്സരം ജയിക്കുകയും ചെയ്തു.
ഡുപ്ലെസിസ് ആദ്യമായല്ല ഇത്തരത്തില്‍ പകരക്കാരനെ കൊണ്ടുവരുന്നത്. 2018 ഒക്ടോബറില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഡുപ്ലെസിസ് ജെ.പി ഡുമിനിയെ ടോസിന് അയച്ചു. ഡുമിനി ആ മത്സരം കളിച്ചില്ലെന്നതു ശ്രദ്ധേയമാണ്.
ആറ് മത്സരത്തില്‍ തുടര്‍ച്ചയായി ടോസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഡുപ്ലെസിസിന്റെ നീക്കം. ഡുമിനി ടോസ് ജയിക്കുകയും ഡുമിനിയില്ലാതെ ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു.