| Sunday, 5th February 2023, 12:57 pm

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപണം; മൂന്ന് പി.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സമാന ആരോപണത്തില്‍ നേരത്തെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ധാര്‍ ജില്ലയില്‍ നിന്നുള്ള ഗുലാം റസൂല്‍ ഷാ (37), ഇന്‍ഡോര്‍ സ്വദേശി സാജിദ് ഖാന്‍ അഥവാ ഗുലാം നബി (56), ഔറംഗബാദില്‍ നിന്നുള്ള പര്‍വേസ് ഖാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121എ, 153ബി, 120 ബി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ട പര്‍വേസ് ഖാന് 2017 മുതല്‍ പി.എഫ്.ഐയുമായി ബന്ധമുണ്ടെന്നും സംഘടനയുടെ ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ് ഇന്‍സ്‌പെക്ടറായാണ് മധ്യപ്രദേശിലെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് യുവാക്കളെ സംഘടനയുടെ ഭാഗമാക്കുകയായിരുന്നു ഗുലാം റസൂല്‍. സംഘടനയുടെ സാമ്പത്തിക നിര്‍വഹണം നടത്തിവരികയായിരുന്നു ഗുലാം നബി.

ഫെബ്രുവരി എട്ടുവരെ ഇവര്‍ റിമാന്‍ഡില്‍ തുടരും.

2022 സെപ്റ്റംബറിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നത്. ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു നടപടി.

Content Highlight: three pfi members arrested in madhyapradesh

We use cookies to give you the best possible experience. Learn more