| Friday, 1st November 2024, 5:15 pm

ദീപാവലി ആഘോഷം; കുടുംബക്ഷേത്രത്തിലെ വിളക്കില്‍ നിന്ന് തീപിടിച്ച് മൂന്ന് പേര്‍ വെന്തുമരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷത്തില്‍ തീപിടിച്ച് മൂന്ന് പേര്‍ വെന്തുമരിച്ചു. ദമ്പതികളടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. വ്യവസായിയായ സഞ്ജയ് ദാസാനി (48), പങ്കാളി കനിക ദാസാനി (42), വീട്ടില്‍ ജോലിക്കെത്തിയിരുന്ന ഛാബി ചൗഹാന്‍ (24) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

കുടുംബക്ഷേത്രത്തിലെ വിളക്കില്‍ നിന്നാണ് മൂവര്‍ക്കും തീപിടിച്ചത്. മരത്തടികളാല്‍ നിര്‍മിച്ച ഇന്റീരിയല്‍ വീടിനുള്ളിലേക്ക് തീപടര്‍ന്ന് പിടിക്കാന്‍ കാരണമാകുകയായിരുന്നു.

അപകടം ഉണ്ടായതിന് പിന്നാലെ തീ ബെഡ്‌റൂമിലേക്കും ബാല്‍ക്കണിയിലേക്കുമെല്ലാം പടരുകയും ചെയ്തു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ കത്തിച്ച നെയ് വിളക്കില്‍ നിന്നാണ് തീപിടിച്ചത്.

പൂജയ്ക്ക് ശേഷം വീടിനുള്ളില്‍ ഉറങ്ങി കിടക്കവേയാണ് ദമ്പതികളുടെ റൂമിലേക്കും തീപടര്‍ന്നത്. വീടിന് ഓട്ടോമാറ്റിക് ഡോര്‍ ഉണ്ടായിരുന്നെങ്കിലും ദമ്പതികള്‍ക്ക് രക്ഷപ്പെടാനായില്ല.

ഇരുവരുടെയും മകന്‍ ദീപാവലി ആഷോഷങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് തീപിടിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു.

എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി മൂവര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു. ദമ്പതികള്‍ താമസിച്ചിരുന്ന പാണ്ഡുനഗറിലെ മൂന്നുനില വീട്ടിലാണ് തീപിടുത്തമുണ്ടായത്.

ദീപാവലി ദിനത്തില്‍ ദല്‍ഹി ഫയര്‍ സര്‍വീസസിന് 320 എമര്‍ജന്‍സി കോളുകളാണ് ലഭിച്ചത്. ഇത് മുമ്പ് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം, റെക്കോര്‍ഡ് കോളുകളാണെന്നാണ് റിപ്പോര്‍ട്ട്.

2015ല്‍ 290 കോളുകളാണ് ദല്‍ഹി ഫയര്‍ സര്‍വീസസിന് ലഭിച്ചിരുന്നത്. ദീപാവലി ആഘോഷത്തിനിടെ ദല്‍ഹിയില്‍ മൂന്ന് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2024ല്‍ ദീപാവലി ആഘോഷത്തെ തുടര്‍ന്നുള്ള അപകടങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരിയാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗുരുതര അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Three people were burnt to death in a fire during Diwali celebrations in Uttar Pradesh

We use cookies to give you the best possible experience. Learn more