| Monday, 17th October 2022, 8:02 am

ശൈശവ വിവാഹം; ചിദംബരം ക്ഷേത്രത്തിലെ പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച കേസില്‍ ചിദംബരം നടരാജര്‍ ക്ഷേത്രത്തിലെ രണ്ട് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

നടരാജര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ഹേമചന്ദ്ര ദീക്ഷിതര്‍ കഴിഞ്ഞ വര്‍ഷം മകളെ രാജരത്‌നം ദീക്ഷിതര്‍ക്ക് വിവാഹം കഴിച്ചുകൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കടലൂര്‍ ജില്ല സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദീക്ഷിതര്‍ സംഘടന സെക്രട്ടറി കൂടിയായ ഹേമചന്ദ്ര, രാജരത്‌നം, രാജരത്‌നത്തിന്റെ പിതാവ് വെങ്കടേശ്വരര്‍ എന്നിവരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ചിദംബരം സബ് ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

2021 ജനുവരി 25നായിരുന്നു ക്ഷേത്രത്തില്‍ വെച്ച് ശൈശവ വിവാഹം നടന്നത്. വധുവായ പെണ്‍കുട്ടിക്ക് അന്ന് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, വരന് 19 വയസും. ഈ സാഹചര്യത്തിലാണ് 2006ലെ ശൈശവ വിവാഹ നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 366(എ) എന്നീ വകുപ്പുകള്‍ പ്രകാരം വരന്‍, വരന്റെ പിതാവ്, വധുവിന്റെ പിതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെ ദീക്ഷിതര്‍മാര്‍ റോഡ് തടഞ്ഞു. പ്രശസ്തമായ ചിദംബരത്തെ നടരാജ ക്ഷേത്രത്തിന്റെ ഭരണവും പൂജാകര്‍മങ്ങളും നടത്തുന്ന പ്രത്യേക ബ്രാഹ്‌മണ പുരോഹിത വിഭാഗമാണ് ദീക്ഷിതര്‍.

കടലൂര്‍ ജില്ലയിലെ ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ശൈശവ വിവാഹം നടന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നേരത്തെയും ഇതേ ക്ഷേത്രത്തില്‍ നാല് ബാലികമാരെ വിവാഹം കഴിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് ദീക്ഷിതര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 23കാരനായ പൂജാരി അറസ്റ്റിലായിരുന്നു.

Content Highlight: Three people, including two priests, have been arrested for conducting a child marriage at Tamilnadu

We use cookies to give you the best possible experience. Learn more