എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ താരങ്ങള്‍ക്കെതിരായ വംശീയധിക്ഷേപം; മൂന്ന് പേര്‍ അറസ്റ്റില്‍
Sports News
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ താരങ്ങള്‍ക്കെതിരായ വംശീയധിക്ഷേപം; മൂന്ന് പേര്‍ അറസ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd November 2024, 9:05 pm

ബാഴ്സലോണ താരങ്ങളായ ലാമിന്‍ യമാല്‍, റഫീന്യ എന്നിവര്‍ക്കെതിരായ വംശിയാധിക്ഷേപത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

സ്പാനിഷ് പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ അടക്കമുള്ള കായികമാധ്യമങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇക്കഴിഞ്ഞ എല്‍ ക്ലാസിക്കോ മത്സരത്തിനിടെയാണ് റഫീന്യക്കും ലാമിന്‍ യമാലിനുമെതിരെ ആരാധകര്‍ വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.

‘ഒക്ടോബര്‍ ക്ലാസിക്കോക്കിടെ രണ്ട് ഫുട്‌ബോളര്‍മാരെ ലക്ഷ്യമിട്ട് വംശീയാധിക്ഷേപം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു,’ പൊലീസ് പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ലാ ലിഗയും പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ ഫൂട്ടേജുകള്‍ക്കൊപ്പം ലിപ് റീഡിങ് എക്‌സ്‌പേര്‍ട്ടിന്റെ റിപ്പോര്‍ട്ടും ലീഗ് പൊലീസിന് സമര്‍പ്പിച്ചിരുന്നു.

വംശീയാധിക്ഷേപത്തിനെതിരെ കളത്തിന് അകത്തും പുറത്തും പോരാടുമെന്നും ലീഗ് വ്യക്തമാക്കി.

എഫ്.സി ബാഴ്സലോണ റയല്‍ മാഡ്രിഡ് മത്സരത്തിനിടെയായിരുന്നു താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന റയല്‍ ആരാധകര്‍ ഇരുവര്‍ക്കെതിരെയും അധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളിന് വിജയിച്ചിരുന്നു. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റഫീന്യയും യമാലും ഗോള്‍ കണ്ടെത്തിയിരുന്നു.

മത്സരത്തിന്റെ 77ാം മിനിട്ടിലായിരുന്നു യമാലിന്റെ ഗോള്‍. 84ാം മിനിട്ടിലാണ് റഫീന്യ റയല്‍ ഗോള്‍വല ചലിപ്പിച്ചത്.

അതേസമയം, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. 13 മത്സരത്തില്‍ നിന്നും 11 ജയവും ഒരു തോല്‍വിയുമായി 30 പോയിന്റാണ് ബാഴ്സക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയല്‍ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്റ് ബാഴ്സക്ക് അധികമായുണ്ട്.

നവംബര്‍ 24നാണ് ലാ ലിഗയില്‍ ബാഴ്സലോണയുടെ അടുത്ത മത്സരം. എസ്റ്റാഡിയോ ഡി ബാലഡോസില്‍ നടക്കുന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയാണ് എതിരാളികള്‍. 13 മത്സരത്തില്‍ നിന്നും അഞ്ച് ഗോളുമായി 11ാം സ്ഥാനത്താണ് സെല്‍റ്റ വിഗോ.

 

Content highlight: Three people have reportedly been arrested for racist abuse against Barcelona players Lamin Yamal and Raphinha.