പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍
Kerala
പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2012, 10:01 am

താമരശ്ശേരി: പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച കേസില്‍ മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയില്‍. അടിവാരം മേലേപൊട്ടിക്കൈ പനങ്ങാംകുന്നത്ത് രാജന്‍ , മേലേപൊട്ടിക്കൈ തേരിട്ടമടക്കല്‍ സന്തോഷ് , ഓട്ടോറിക്ഷാഡ്രൈവറായ വെസ്റ്റ് പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ മുഹമ്മദലി  എന്നിവരെയാണ് കണ്ടലാട് വനം സെക്ഷന്‍ അധികൃതര്‍ പിടികൂടിയത്.[]

അടിവാരത്തിനടുത്ത് മേലേപൊട്ടിക്കൈ മുപ്പതേക്രയില്‍ റോഡരികില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെയാണ് ഇവര്‍ കറിവെച്ചത്. സംഭവത്തില്‍ മേലേപൊട്ടിക്കൈ പനങ്ങാംകുന്നത്ത് ദീപുമോന്‍ , പനങ്ങാംകുന്നത്ത് ജോസ്, രണ്ടാംവളവില്‍ മലയില്‍പറമ്പില്‍ മുഹമ്മദലി, മേലേപൊട്ടിക്കൈ സ്വദേശി വിജേഷ് എന്നിവര്‍ ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.  രാത്രി ഒമ്പത് മണിയോടെ അടിവാരം നാലാംവളവ് റോഡിലൂടെ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന സംഘമാണ് റോഡരികില്‍ കണ്ട പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തുള്ള തോടിന്റെ സമീപം എത്തിച്ച് കൊന്ന് ഇറച്ചിയെടുത്തു.

പാമ്പിന്റെ തല, തോല്‍ എന്നിവ സമീപത്തെ പറമ്പില്‍ കുഴിച്ചിടുകയും  ഇറച്ചി, പിടിയിലായ രാജന്റെ വീട്ടില്‍ കൊണ്ടുപോയി പാചകം ചെയ്യുകയായിരുന്നെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നു. പാമ്പിന്റെ തലയും തോലും പുറത്തെടുത്തിട്ടുണ്ട്.