| Thursday, 28th July 2022, 2:18 pm

രാജ്യസഭയില്‍ നിന്ന് മൂന്ന് അംഗങ്ങള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; സഭയിലെ അനിയന്ത്രിതമായ പെരുമാറ്റത്തിനെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഭയില്‍ അനിയന്ത്രിതമായി പെരുമാറിയെന്നാരോപിച്ച് രാജ്യസഭയില്‍ നിന്ന് മൂന്ന് അംഗങ്ങളെ കൂടി വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തു

അസമില്‍ നിന്നുള്ള സ്വതന്ത്ര എം.പി അജിത് കുമാര്‍ ഭുയാന്‍, ആം ആദ്മി പാര്‍ട്ടിയുടെ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പഥക് എന്നീ മൂന്ന് അംഗങ്ങളെയാണ് സഭയില്‍ അനിയന്ത്രിതമായി പെരുമാറിയതിന് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം വ്യാഴാഴ്ച രാജ്യസഭ അംഗീകരിച്ചത്.

ആദ്യം പിരിഞ്ഞതിനു ശേഷം സഭ സമ്മേളിച്ചയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് അംഗങ്ങളെ പേരെടുത്തു പറഞ്ഞു.

തുടര്‍ന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ മൂന്ന് അംഗങ്ങളെയും സഭയില്‍ നിന്ന്, ആഴ്ചയിലെ ശേഷിക്കുന്ന ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പ്രമേയം പാസാവുകയും ചെയ്തു.

ചില പ്രതിപക്ഷ അംഗങ്ങള്‍ വോട്ട് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.

രാജ്യസഭയില്‍നിന്ന് ചൊവ്വാഴ്ച 19 പേരെയും, അതിനു മുമ്പ് ലോക്സഭയില്‍ നിന്ന് നാല് എം.പിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭാനടപടികള്‍ തടസപ്പെടുത്തിയെന്ന പേരിലാണ് എം.പിമാരെ രാജ്യസഭയില്‍ നിന്ന് ഈ സമ്മേളനകാലത്ത് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 50 മണിക്കൂര്‍ നീണ്ട റിലേ പ്രതിഷേധത്തിലേക്ക് എം.പിമാര്‍ നീങ്ങിയിരുന്നു. പ്രതിഷേധത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ ഓപ്പണ്‍ എയറിലാണ് പ്രതിഷേധക്കാര്‍ ചെലവഴിച്ചത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എം.പിമാര്‍ ഓണ്‍ലൈനിലൂടെ പങ്കുവെച്ചിരുന്നു. പ്രതിഷേധിക്കുന്ന എം.പിമാര്‍ ടെന്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റിനകത്ത് ഒരുതരത്തിലുള്ള നിര്‍മാണവും സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചിരുന്നു.

Content Highlight: Three more members were suspended from the Rajya Sabha on Thursday for alleged unruly behavior in the House

We use cookies to give you the best possible experience. Learn more