| Sunday, 3rd May 2020, 3:53 pm

'ഇസ്‌ലാമോഫോബിയ' യു.എ.ഇയില്‍ മൂന്ന് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് യു.എ.ഇ. ദുബായിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നിയമനടപടികള്‍ക്കായി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്.

നേരത്തെയും നിരവധി ഇന്ത്യക്കാര്‍ ഇത്തരത്തില്‍ നടപടിക്ക് വിധേയരായിരുന്നു. ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നേരത്തെ കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചിരുന്നു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒ.ഐ.സി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡിനെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരി അരുന്ധതി റോയും രംഗത്ത് എത്തിയിരുന്നു. ജര്‍മന്‍ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more