ഭോപ്പാല്‍: ഉത്തമഭാര്യമാരെ വാര്‍ത്തെടുക്കാന്‍ മധ്യപ്രദേശില്‍ കോഴ്‌സ് തുടങ്ങുന്നു. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ഇത്തരമൊരു പാഠ്യപദ്ധതിയുമായി എത്തിയിരിക്കുന്നത്. മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയായാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.
സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കോഴ്സിന്റെ സിലബസ് എന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഉത്തമഭാര്യയാകാനുള്ള കോഴ്‌സിനു പ്രവേശനം നേടാം.
പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവാഹാലോചന വരുമ്പോള്‍ ചെറുക്കന്‍വീട്ടുകാരുടെ മുന്നില്‍ ഇതൊരു “പ്ലസ് പോയിന്റ് “ആകുമെന്നാണ് സര്‍വകലാശാലയുടെ അവകാശവാദം.
സംസ്‌കാരസമ്പന്നരായ വധുക്കളെ വാര്‍ത്തെടുത്ത് ഭാവികുടുംബങ്ങളെ ഭദ്രമാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ഇത്തരമൊരു കോഴ്സ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് അധികൃതരുടെ വാദം.
ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. അക്കാദമിക് തലത്തിനുമപ്പുറം, സര്‍വകലാശാലയുടെ സാമൂഹിക ഉത്തരവാദിത്തം നടപ്പാക്കാനുള്ള മാര്‍ഗമാണിതെന്നും അധികൃതര്‍ പറയുന്നു.
അതേസമയം, പുതിയ കോഴ്‌സിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. സര്‍വകലാശാലയുടെ പഠനനിലവാരം ഉയര്‍ത്താതെ അബദ്ധ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നത് എന്തിനാണെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.
നല്ല വധുക്കളെ മാത്രം വാര്‍ത്തെടുത്താല്‍ ഭാവിസമൂഹം സംസ്‌കാരസമ്പന്നത കൈവരിക്കുമോ എന്നും വരന്മാരെ പഠിപ്പിക്കേണ്ടേ എന്നും ചോദ്യമുയരുന്നുണ്ട്.
അതേസമയം, കോഴ്‌സിനെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. നല്ല ഭാര്യമാരെ വാര്‍ത്തെടുക്കുന്ന കോഴ്‌സ് അനിവാര്യമാണെന്നും കുടുംബത്തിന്റെ അടിത്തറ വാര്‍ക്കേണ്ടവര്‍ സ്ത്രീകളാണെന്നും അവര്‍ നല്ലതായാല്‍ കുടുംബത്തിലെ എല്ലാവരും നല്ലതാകുമെന്നും ബി.ജെ.പി പറയുന്നു.