| Thursday, 26th July 2018, 10:31 am

ദല്‍ഹിയിലെ വസതിയില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍; പട്ടിണി മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ മന്ദാവലില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. പട്ടിണി കിടന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അയല്‍ക്കാരാണ് മൂന്ന് കുഞ്ഞുങ്ങളും ബോധമറ്റ നിലയില്‍ കിടക്കുന്നത് ആദ്യം കണ്ടത്. ശരീരത്തില്‍ മുറിവേറ്റ പാടുകളോ ഒന്നും ഉണ്ടായിരുന്നില്ല.


തന്നെ കാണുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ രണ്ടടി പിന്നിലേക്ക് നില്‍ക്കുന്നു; കെട്ടിപ്പിടുത്തത്തില്‍ ‘ട്രോളുമായി’ രാഹുല്‍ ഗാന്ധി


വീട്ടില്‍ കുട്ടികളുടെ അമ്മ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇവരേയും കൂട്ടി ഉടന്‍ തന്നെ കുഞ്ഞുങ്ങളെ അടുത്തുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടികള്‍ മരണപ്പെട്ടിരുന്നുവെന്ന് ദല്‍ഹി ഈസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് കുമാര്‍ സിങ് പറഞ്ഞു. ഏതാനും ദിവസം മുന്‍പാണ് കുടുംബം ഇവിടെ താമസമാക്കിയത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കുട്ടികളുടെ അച്ഛനെ കാണാതായെന്നും മാനസിക നില തെറ്റിയ അമ്മ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞുങ്ങള്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.


ഹിന്ദുത്വ നിലനില്‍ക്കണം; ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളെങ്കിലും വേണം: ബി.ജെ.പി എം.എല്‍.എയുടെ വിവാദപ്രസ്താവന വീണ്ടും


എന്നാല്‍ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. പട്ടിണി മൂലം മൂന്ന് കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവം അതീവ ഗൗരവമാണെന്നും കുടുംബത്തിന് റേഷന്‍ കാര്‍ഡ് പോലും ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് റേഷന്‍കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ബി.ജെ.പിയും ആരോപിച്ചു.

We use cookies to give you the best possible experience. Learn more