ലണ്ടന്‍: ബ്രിട്ടനിലെ തെരേസ മെയുടെ ഗവണ്‍മെന്റില്‍ നിന്നും 24 മണിക്കൂറിനകം രാജി വെച്ചത് മൂന്ന് മന്ത്രിമാര്‍. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, വ്യാപാര മന്ത്രി ഗ്രെഗ് ഹാന്‍ഡ്‌സ് എന്നിവരാണ് മെയ് ഗവണ്‍മെന്റില്‍ നിന്നും രാജിവെച്ചത്.
പ്രധാനമന്ത്രി തെരേസ മെയുടെ മൃദു ബ്രെക്‌സിറ്റ് സമീപനത്തില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ രാജി. 2016ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്നു ബ്രെക്‌സിറ്റ്. എന്നാല്‍ പ്രധാനമന്ത്രി മെയുടെ പുതിയ സമീപനങ്ങള്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ്.
മെയുടെ നയങ്ങള്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ യൂറോപ്യന്‍ യൂണിയന് നിയന്ത്രണം നല്‍കുമെന്നാണ് രാജിവെച്ച മന്ത്രിമാരുടെ ആരോപണം. യൂറോപ്യന്‍ യൂണിയനുമായി ഒരു സ്വതന്ത്ര വിപണനമേഖല പങ്കിടണം എന്ന മെയുടെ നയമാണ് ഇവര്‍ പ്രധാനമായും എതിര്‍ക്കുന്നത്.
രാജിവെച്ച ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്തവരില്‍ പ്രധാനിയാണ്.
നേരത്തെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും മെയ് സര്‍ക്കാരില്‍ നിന്ന് രാജിവച്ചിരുന്നു. ഈ കൂട്ടരാജി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.
ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ഇരിക്കുകയാണ് തെരേസ മെയ്.