| Sunday, 24th February 2019, 8:59 am

തെരേസ മേയെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍; കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടല്‍: ബ്രക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍. കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

തെരേസ മേയുടെ മന്ത്രിസഭയിലെ പ്രധാനികളായ ഗ്രേക്ക് ക്ലാര്‍ക്ക്, ആംബര്‍ റുഡ്, ഡേവിഡ് ഗ്വാക്ക് എന്നിവരാണ് മേക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിനായി വിമതര്‍ക്കും പ്രതിപക്ഷത്തിനൊപ്പവും നിലകൊള്ളുമെന്നും മന്ത്രിമാര്‍ പറഞ്ഞു. ഡെയ്‌ലി മെയില്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിമാര്‍ തെരേസ മേയോടുള്ള എതിര്‍പ്പ് പരസ്യമാക്കിയത്.


പുതിയ കരാര്‍ നടപ്പാക്കിയില്ലെങ്കില്‍ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടുമെന്ന് മൂവരും പറഞ്ഞു. കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് വലിയ അപകടമാകുമെന്നും രാജ്യത്തിന്റെ വ്യാപാര-സുരക്ഷ മേഖലകളെ അത് ദോഷകരമായി ബാധിക്കുമെന്നുമാണ് മൂവരുടേയും വിലയിരുത്തല്‍.

പുതിയ കരാറുണ്ടാക്കി ബ്രക്‌സിറ്റുമായി മുന്നോട്ട് പോകാനുള്ള മേയുടെ നീക്കങ്ങളെ പാര്‍ലമെന്റ് വീണ്ടും എതിര്‍ത്താല്‍ ബ്രക്‌സിറ്റ് നീട്ടാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് മന്ത്രിമാര്‍ അറിയിച്ചിരിക്കുന്നത്.

കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള മേയുടെ തീരുമാനത്തെ പ്രതിപക്ഷത്തിനോടൊപ്പം നിന്ന് പാര്‍ലമെന്റില്‍ പ്രതിരോധിക്കുമെന്നും മൂവരും വ്യക്തമാക്കി.


അതേസമയം, മന്ത്രിമാരുടെ നീക്കത്തിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്തുവന്നു. സര്‍ക്കാരിന്റെ നയങ്ങളെയാണ് ഇവര്‍ നിഷേധിച്ചിരിക്കുന്നതെന്നും പാര്‍ലമെന്റില്‍ സര്‍ക്കാരിന് എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ഭീഷണിമുഴക്കുകയാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.
ക്യാബിനറ്റില്‍ നിന്നും രാജിവെക്കാന്‍ മൂന്നുപേരോടും ആവശ്യപ്പെടുമെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിടുക. ഇതിനു മുമ്പായി പുതിയ കരാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള തീവ്യ ശ്രമത്തിലാണ് മേ. അല്ലാത്തപക്ഷം കരാറില്ലാതെ യൂണിയനില്‍ നിന്നും പുറത്തുപോകാനാണ് തെരേസ മേയുടെ തീരുമാനം.

ALSO WATCH THIS VIDEO

We use cookies to give you the best possible experience. Learn more