മുംബൈയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ മരിച്ചു
national news
മുംബൈയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 7:42 pm

മുംബൈ: താനെയിലെ ഡോംബിവ്‌ലിയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു. സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരായ ദേവിദാസ് പജാഗെ, മഹാദേവ് ജോപെ, ഗന്‍ശ്യാം കോരി എന്നിവരാണ് മരിച്ചത്.

“കരാറുകാരന്റെ ശ്രദ്ധയില്ലായ്മയാണ് അപകടത്തില്‍ കലാശിച്ചതെന്ന് വ്യക്തമാണ്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ജോലിക്കാര്‍ക്ക് നല്‍കിയിരുന്നില്ല”- തിലക് നഗര്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി സാവന്ത് പറഞ്ഞു. കരാറുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സാവന്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

മരണകാരണത്തില്‍ വ്യക്തത ലഭിക്കാന്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പൊലീസ്.

ALSO READ: അമിത് ഷായുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് കലാപം ലക്ഷ്യമിട്ട്: സ്വാമി അഗ്നിവേശ്

“പജാഗെ ആണ് ആദ്യം മാന്‍ഹോളിലേക്ക് പ്രവേശിച്ചത്, മറ്റു രണ്ടു പേര്‍ ഇയാളെ പിന്തുടരുകയായിരുന്നു. എന്നാല്‍ ആരും തിരിച്ചുവരാതിരിക്കുകയും മുകളില്‍ നിന്നുള്ള വിളികളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ കരാറുകാരന്‍ മറ്റു ജോലിക്കാരെ ആള്‍നൂഴിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്തു”- മറ്റൊരു പൊലീസുദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്ര ഇന്ടസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള ഡോംബിവ്‌ലിയിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മരണപ്പെട്ടവര്‍ക്ക് മതിയായ സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലായിരുന്നു എന്ന ആരോപണം മഹാരാഷ്ട്ര ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ ഡെപ്യൂട്ടി എന്‍ജിനിയര്‍ ദീപക് പാട്ടീല്‍ തള്ളിക്കളഞ്ഞു.

ALSO READ: സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല: ഭീഷണിയുമായി കണ്ണൂരില്‍ അമിത് ഷാ

സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്ന കരാറുകാരെ മാത്രമെ തങ്ങള്‍ തെരഞ്ഞെടുക്കാറുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായും അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ കുറ്റക്കാരനെന്നും കണ്ടാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതിയായ സുരക്ഷയില്ലാതെ ഓവുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നത് Prohibition of Employment as Manual Scavengers and Their Rehabilitation Act (2013) നെതിരാണ്. രാജ്യത്ത് ഇതു വരെ 1790 ഓളം ആളുകള്‍ ശുചീകരണപ്രവര്‍ത്തനത്തിനിടെ മരണമടഞ്ഞതായി ഗ്രൗണ്ട് സീറോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതി നിലവില്‍ വന്നതിനു ശേഷം വര്‍ദ്ധിച്ച തോതിലുള്ള അശാസ്ത്രീയമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളുടെ ജീവനെടുക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്.

WATCH THIS VIDEO: