2020 ഓര്‍മയുടെ കിടിലമായ ഒരു ‘നൂറ്റാണ്ടാ’ണ്. 2020 ഒരു വര്‍ഷമായി പറയുന്നത്, കാലഘടനയുടെ സാങ്കേതികമായ ചതുര ഘടനകൊണ്ടു മാത്രമാണ്. ഇതാ, ഇപ്പോള്‍ കലണ്ടറില്‍ നിന്ന് മറഞ്ഞു പോകുന്ന വര്‍ഷം, ഭൂമിയെ ഒരു നിശ്ചിത കാലത്തേക്ക് നിശ്ചലമാക്കി, ഒരേ വാസസ്ഥലത്തെ മൂക്കു മൂടിയ മനുഷ്യരാക്കി.
എങ്കിലും, പ്രചോദനം നിറഞ്ഞ ചില നിമിഷങ്ങള്‍ ഏതൊരു കെട്ട കാലവും നമുക്ക് മുന്നില്‍ നല്‍കും. ആ നിമിഷങ്ങളില്‍ നിന്ന്, ഒരു മലയാളി എന്ന നിലയില്‍ എന്നെ പ്രചോദിപ്പിച്ച മൂന്ന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുകയാണ്. അവരാകട്ടെ, നമ്മുടെ കാലത്തെ ഏതോ തരത്തില്‍ സര്‍ഗാത്മകമായി മറി കടക്കാന്‍ സഹായിക്കുന്നവരുമാണ്.
മാടായിയില്‍, ഒപ്പനപ്പാട്ടുകളുടെ ഒരു ഭൂതകാലമുണ്ട്. ബാല്യത്തില്‍ കണ്ട മങ്ങലങ്ങളിലെല്ലാം ഇമ്പമുള്ള മാപ്പിളപ്പാട്ടുകളുമായി അവര്‍ വന്നു.
‘മൊടോനാജിക്കാന്റെ പാട്ടുകാര്‍’ എന്നാണ് ആ സംഘം അറിയപ്പെട്ടതെങ്കിലും, ഞങ്ങള്‍, കുട്ടികള്‍ക്ക്, മുന്നില്‍ അവര്‍ വലിയ താരങ്ങളായിരുന്നു.
അഴകുള്ള പാട്ടുകള്‍ കൊണ്ട് മൊഞ്ചത്തികളായ പെണ്‍കുട്ടികള്‍ ഞങ്ങള്‍ കുട്ടികളുടെ മനസ്സിനെ പോലും തരളിതമാക്കി. മണിയറയിലെ രാവുകളറിയാന്‍ വേഗം വളര്‍ന്നെങ്കിലെന്ന് കൊതിച്ചു പോയി. മണിയറയില്‍ മാരന്റെ മാറിലെ മാമ്പുള്ളി നുള്ളുന്ന പെണ്ണ്, എന്തൊരു മനോഹരമായ ഭാവനയാണ്.
പെണ്ണിന്റെ മൈലാഞ്ചിയരച്ച വിരല്‍ തൊടാന്‍ കൊതിച്ച രാവുകള്‍. പാട്ടുകളാണ് നമ്മുടെ ബാല്യത്തെ പട്ടുമെത്തയില്‍ കിടത്തുന്നത്. ഓര്‍മയില്‍, എരഞ്ഞോളി മൂസക്കയുമായി നടന്ന ദീര്‍ഘമായ സൗഹൃദം, ഓഫ് ചെയ്യാത്ത റെക്കോര്‍ഡര്‍ പോലെ കടന്നു വരുന്നു. മൂസക്ക ഒരിക്കല്‍ പറഞ്ഞു: ഒരു കൊട്ട പൊന്ന് പാട്ടില്‍ കൊടുത്താണ് ഒരു തരി പൊന്നു പോലുമില്ലാത്ത മീന്‍ കൊട്ടയുമായി ജീവിച്ച മത്സ്യത്തൊഴിലാളികളും പെണ്‍കുട്ടികളെ മങ്ങലം കഴിപ്പിച്ചയച്ചത്. ‘ഒരു കൊട്ട പൊന്നുണ്ടല്ലൊ, മിന്നുണ്ടല്ലൊ മേനി നിറയെ…’ എന്നത് കാലം നമ്മില്‍ നിന്ന് കട്ടെടുക്കാത്ത പൊന്നാണ്.
വിളയില്‍ വത്സല മാപ്പിളപ്പാട്ടു പാടിപ്പാടിയാണ് ഫസീലയായത്. ഫസീലയുടെ പാട്ടു കേള്‍ക്കാന്‍ ഇരമ്പി വന്ന ജനസാഗരം. അവരുടെ പാട്ടുകളില്‍ ഒരു തലമുറ പലവട്ടം മുങ്ങിത്താണു. ഓര്‍മകളില്‍ ഒരു പാട്ടുകാലം നിറയുന്നു.
ആ ഓര്‍മകളെ വേറൊരു വഴിയിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ജഹാന ഫാത്തിമ. ‘ആവുമ്മ’യ്ക്ക് ജഹാന നല്‍കിയ ട്രിബ്യൂട്ട് ആണ് കഴിഞ്ഞ വര്‍ഷം കേട്ട ഏറ്റവും സ്‌നേഹാര്‍ദ്രമായ വരികള്‍. പേരക്കിടാവിന്റെ കാതില്‍ സംഗീതത്തിന്റെ ബാങ്കും ഇഖാമത്തും കൊടുത്ത ‘ആവുമ്മ’ യെ ഒരു പാട് ഓര്‍മിപ്പിക്കുന്നു ആ കവര്‍ സ്റ്റോറി.
ജഹാന ഫാത്തിമ
പുരുഷന്മാര്‍ വഅള് പറഞ്ഞു പോകുന്ന നാട്ടിലാണ് സംഗീതത്തില്‍ ചാലിച്ച ഓര്‍മ്മകളുമായി നിശ്ശബ്ദമായി കടന്നു പോയ ആവുമ്മമാരുടെ സ്മൃതിരേഖകളുമായി പെണ്‍കുട്ടികള്‍ വരുന്നത്. പാട്ടുകൊണ്ട് ജഹാന ഫാത്തിമ നമ്മുടെ ഉള്ളിലെ കാലുഷ്യങ്ങള്‍ എടുത്തുകളയുന്നു. ചായപ്പാട്ടു പാടി നമ്മുടെ ഉള്ളില്‍ ജഹാന മധുരം നിറക്കുന്നു, ‘നിലാവേ മായുമോ’ എന്ന പാട്ടിനൊടുവില്‍ നമ്മെ നോക്കിയുള്ള ആ ചിരിയില്‍ മാഞ്ഞു പോകും, ദു:ഖത്തിന്റെ കരിഞ്ഞ മണമുള്ള ദിനരാത്രങ്ങള്‍.
താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
മറ്റൊരു പെണ്‍കുട്ടി മഴ എസ്.മുഹമ്മദാണ്. ഭാവിയുടെ പാട്ടുകാരിയാണ്, മഴ. പാട്ടില്‍ ഒരു രാഷ്ട്രീയം കൂടി പറഞ്ഞു വെക്കുന്നുണ്ട് മഴ എസ്.മുഹമ്മദ്. ഹിന്ദുസ്ഥാനിയും കര്‍ണ്ണാടിക് സംഗീതവും അതിന്റെ പരമ്പര്യത്തെ തൊട്ടറിഞ്ഞു കൊണ്ടു തന്നെ സംഗീതാത്മകമായി അനുഭവപ്പെടുത്താന്‍ മഴയ്ക്ക് സാധിക്കുന്നു. അടിത്തട്ടുകാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ലാസിക് സംഗീതത്തിലേക്ക് ഇനി വരും തലമുറയെ കൊണ്ടു പോകുമെന്ന ഭാവിയുടെ മതനിരപേക്ഷ രാഷ്ട്രീയമാണ് മഴയുടെ വാക്കും പാട്ടും. ഓര്‍മകളുടെ വേരുകളിലാണ് മഴയുടെ ആലാപനം ചെന്നു തൊടുന്നത്.
മഴ എസ്. മുഹമ്മദ്
2020-ല്‍ പ്രചോദിപ്പിച്ച മലയാളി പെണ്‍കുട്ടികളില്‍ തീര്‍ച്ചയായും അകിയ കൊമാച്ചിയുമുണ്ട്. ഫോട്ടോഗ്രാഫിലൂടെ കാലത്തിന്റെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്തുകയാണ് അകിയ കൊമാച്ചി. ഓര്‍മകളുടെ വെളിച്ചത്തെ ക്രമീകരിക്കുന്ന ബോധമാണ് അകിയയുടെ ക്യാമറ. ബോധമാണ് ക്യാമറ എന്ന് അകിയ പറഞ്ഞു വെക്കുന്നു. അകിയ തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ സാധാരണയില്‍ നിന്ന് വേറിട്ട ഒരു തലമുണ്ട്. സര്‍ഗാത്മകമായ ലാളിത്യത്തെക്കുറിച്ചുള്ള ചില രേഖപ്പെടുത്തലുകളാണവ.
അകിയ കൊമാച്ചി
പാട്ടു കൊണ്ടും ചിത്രം കൊണ്ടും വര കൊണ്ടും പ്രചോദിപ്പിച്ച എത്രയോ പേരില്‍ നിന്ന് ഈ മൂന്നു പേരിലേക്കു മാത്രമായി വിരലുകള്‍ ചൂണ്ടുന്നത്, അവര്‍ അതില്‍ പ്രചോദിപ്പിക്കുന്ന വിധത്തില്‍ ‘ജീവിതം’ കൂടി പറയുന്നുണ്ട് എന്നതു കൊണ്ടാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Three Malayalee girls inspired in 2020 – Thaha Madayi Writes