പ്രശസ്ത മൂവി റേറ്റിങ് പ്ലാറ്റ്‌ഫോമായ ലെറ്റര്‍ബോക്‌സ് ഡി 2024ല്‍ ഇതുവരെ പുറത്തിറങ്ങിയ മികച്ച ലോകസിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. ആദ്യ 20 സിനിമകളുടെ ലിസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളാണ് ഉള്ളത്. മൂന്നും മലയാളസിനിമകളാണെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, ആട്ടം എന്നീ സിനിമകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലിസ്റ്റില്‍ വേറൊരു ഇന്ത്യന്‍ സിനിമ ഇല്ലെന്നുള്ളതും മലയാളസിനിമക്ക് അഭിമാനിക്കാനുള്ള വക നല്‍കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എട്ടാം സ്ഥാനത്തും, ഭ്രമയുഗം 13ാം സ്ഥാനത്തും ആട്ടം 20ാം സ്ഥാനത്തുമാണ് ഉള്ളത്. മൂന്ന് വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള്‍ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത് മലയാളസിനിമക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്.
റിലീസിന് മുന്നേ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞതുപോലെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റിയിരിക്കുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനിലും നിരൂപകപ്രശംസയിലും ചിത്രം മുന്നിട്ട് നില്‍ക്കുകയാണ്. ആഗോള കളക്ഷനില്‍ 200 കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ഈ ലിസ്റ്റില്‍ വന്നത് സിനിമക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ഭ്രമയുഗം മലയാളത്തിലെ ധീരമായ പരീക്ഷണമായിരുന്നു. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമ 60 കോടിക്ക് മേല്‍ കളക്ട് ചെയ്യുകയും ചെയ്തു. മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമാണ് കാണാന്‍ സാധിച്ചത്.
സംഭാഷണങ്ങളിലൂടെ ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തിയ ആട്ടം മലയാളത്തില്‍ ഈയടുത്ത് വന്നതില്‍ ശക്തമായ വിഷയം സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച സിനിമയാണ്. പരിമിതമായ ലൊക്കേഷനുകളും വളരെ കുറച്ചു കഥാപാത്രങ്ങളെയും വെച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയായാണ് ആനന്ദ് ഏകര്‍ഷി ആട്ടം ഒരുക്കിയത്. കണ്ടന്റ് കൊണ്ടാണെങ്കിലും ബോക്‌സ് ഓഫീസ് പ്രകടനം കൊണ്ടാണെങ്കിലും മലയാള സിനിമക്ക് അഭിമാനിക്കാനുള്ള കാര്യങ്ങള്‍ക്കാണ് 2024 സാക്ഷ്യം വഹിക്കുന്നത്.
Content Highlight: Three Malayalam movies in the list of best world movie in 2024 submitted by Letterboxd