ഇസ്രഈലിന്റെ ആക്രമണത്തില്‍ മൂന്ന് ലെബനന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
World
ഇസ്രഈലിന്റെ ആക്രമണത്തില്‍ മൂന്ന് ലെബനന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 1:30 pm

ബെയ്‌റൂത്ത്: കഴിഞ്ഞ ദിവസം ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനന്‍ അതിര്‍ത്തി ഗ്രാമത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രഈല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത് തൊട്ട് ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും തീവ്രതയേറിയ വ്യോമാക്രമണമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

ലെബനന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ 30 സ്ഥലങ്ങളെ ലക്ഷ്യമിട്ട് 40 വ്യോമാക്രമണങ്ങളാണ് ഇസ്രഈല്‍ കഴിഞ്ഞ ദിവസം നടത്തിയത്. സംഭവത്തിന് പിന്നാലെ തങ്ങളുടെ ഗ്രൂപ്പിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞ് ഹിസ്ബുള്ളയുടെ സഖ്യകക്ഷികളായ ‘അമല്‍’ രംഗത്തെത്തി.

ഒരു മാസം മുമ്പ് ഇസ്രഈല്‍ കൊലപ്പെടുത്തിയ ഹിസ്ബുള്ളയുടെ മിലിട്ടറി കമാന്‍ഡറായിരുന്ന ഫൗദ്ഷുക്കൂറിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ള അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രഈലിന്റെ തലസ്ഥാന നഗരമായ ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹിസ്ബുള്ള 320 കത്യുഷ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ തിരിച്ചടിച്ചത്.

‘അത് വളരെ ബുദ്ധിമുട്ടേറിയ രാത്രിയായിരുന്നു. എന്റെ മകള്‍ ഉറക്കത്തില്‍ നിന്ന് എന്നെ വിളിച്ച് കരഞ്ഞു. ആ ആക്രമണം വളരെ അടുത്ത് നിന്ന് സംഭവിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ആര്‍ക്കും തന്നെ അന്ന് ഉറങ്ങാന്‍ സാധിച്ചില്ല.

ഈയവസരത്തില്‍ എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. ഈ യുദ്ധം അവസാനിപ്പിച്ചെ മതിയാവൂ. കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. സൈന്യത്തിന് പരസ്പരം യുദ്ധം ചെയ്യണമെങ്കില്‍ അവര്‍ ചെയ്തുകൊള്ളട്ടെ, എന്തിനാണ് പാവം കുട്ടികളെയും സാധാരണക്കാരെയും ഇതിന് വേണ്ടി ബലിയാടാക്കുന്നത്,’ തെക്കന്‍ ലെബനിലെ നബാട്ടിയേ സ്വദേശിയായ അബു ഖുദൂദ് പ്രതികരിച്ചു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ ഫലസ്തീന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് അയല്‍ രാജ്യമായ ലെബനനിലെ സായുദ്ധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രഈലിനെതിരെ പോരാട്ടം ആരംഭിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രഈലില്‍ നടത്തിയ ആക്രമണങ്ങളില്‍ 500ല്‍ അധികം ലെബനന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ തെക്കന്‍ ലെബനന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തിരുന്നു.

ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ ഇറാനില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ മിലിട്ടറി കമാന്‍ഡറായ ഫൗദ് ഷുക്കൂറും കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഇരട്ട കൊലപാതകങ്ങളില്‍ ഇസ്രഈലിനോട് പ്രതികാരം ചെയ്യുമെന്നറിയിച്ച് ഇറാനും ഹിസ്ബുള്ളയും രംഗത്തെത്തി.

അതേസമയം ഈജിപ്തിലെ കയ്‌റോയില്‍ ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ പശ്ചിമേഷ്യയെ സമാധാന ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

Content Highlight: Three Lebanese citizen died in Israel airstrike