| Saturday, 18th March 2017, 3:24 pm

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത ജവാനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ബി.എസ്.എഫ് വെടിവെപ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


അഗര്‍ത്തല: ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത ബി.എസ്.എഫ് ജവാനെതിരെ ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധത്തിനുനേരെ ബി.എസ്.എഫിന്റെ വെടിവെപ്പ്. വെടിവെപ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

തെക്കന്‍ ത്രിപുരയിലെ ചിദംബരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നുപേരും ആദിവാസികളാണെന്നാണ് റിപ്പോര്‍ട്ട്.

പരകുമാര്‍ ത്രിപുര (40), മാന്‍ കുമാര്‍ ത്രിപുര (30), സ്വരലക്ഷ്മി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സുനില്‍കുമാര്‍ ത്രിപുര (47), ജബിന്‍ കുമാര്‍ ത്രിപുര (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സബ്രൂം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ആദിവാസി യുവതിയെ ബി.എസ്.എഫ് ജവാന്‍ ബലാത്സംഗം ചെയ്‌തെന്നും ഇതിനെതിരെ പ്രതിഷേധിച്ച തങ്ങള്‍ക്കെതിരെ വെടിവെക്കുകയായിരുന്നെന്നും ഈ സമയത്ത് ബി.എസ്.എഫ് വെടിയുതിര്‍ക്കുകയാണുണ്ടായതെന്നും ഗ്രാമവാസികള്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് അറിഞ്ഞിട്ടില്ല, പങ്കെടുക്കുമെന്ന് പറഞ്ഞിട്ടില്ല: ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ കെ.കെ രമ 


സംഭവത്തോട് പ്രതികരിക്കാന്‍ ബി.എസ്.എഫ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. സബ്രൂമില്‍ കന്നുകാലി മേയ്ക്കാന്‍ പോയ ഏഴുപേരെ ബി.എസ്.എഫ് ട്രൂപ്പ് പിടിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ ഈ മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈ 22ന് സെപാഹിജാല ജില്ലയില്‍ ഒരു യുവതിയെ ബി.എസ്.എഫ് ജവാന്‍ വടിവെച്ചുകൊന്നിരുന്നു. വെടിവെക്കുന്നതിനു മുമ്പ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more