[] തിരുവനന്തപുരം: കേരളത്തിന്റെ മൂന്ന് ഡാമുകളുടെ ഉടമസ്ഥതാവകാശം തമിഴ്‌നാടിന്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ജമീലാപ്രകാശം എം.എല്‍.എയാണ് കേന്ദ്രജലകമ്മീഷന്‍ ഇക്കാര്യം അംഗീകരിച്ചതിന്റെ രേഖകള്‍ ചൂണ്ടിക്കാട്ടിയത്.
യോഗത്തിന്റെ മിനുറ്റ്‌സും, കേന്ദ്രജലകമ്മീഷന്റെ കത്തും ഉയര്‍ത്തി ജമീല വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. യോഗത്തില്‍ പങ്കെടുത്ത കേരളാ പ്രതിനിധി എതിര്‍പ്പ് അറിയിക്കാത്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതെന്ന് ജലകമ്മീഷന്‍ കത്തില്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ 10 മിനിട്ടോളം തടസപ്പെട്ടു. സംസ്ഥാനത്തോടുള്ള വലിയ വഞ്ചനായണിതെന്ന ആരോപണവുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. വിഷയം ഗൗരവമുള്ളതാണെന്നും വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നാളെ സഭയില്‍ പ്രസ്താവന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്. 2013 ഡിസംബര്‍ 27ന് ചേര്‍ന്ന ഡാം സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തമിഴ്‌നാട് ഡാമുകള്‍ക്കായി അവകാശവാദം ഉന്നയിച്ചത്. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് വേണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ കേരളത്തിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ചീഫ് എന്‍ജിനിയര്‍ ഈ വാദങ്ങളെ എതിര്‍ത്തില്ല. വിഷയം നിയമസഭയില്‍ വന്നപ്പോള്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം യോഗത്തില്‍ ഉണ്ടാകാത്തതിനാലാണ് എതിര്‍ക്കാത്തത് എന്നായിരുന്നു ജലവകുപ്പ് മന്ത്രിയുടെ മറുപടി. എന്നാല്‍ കേരളം എതിര്‍ക്കാത്തതിനാല്‍ മുല്ലപ്പെരിയാര്‍ ഒഴികെയുള്ള മൂന്ന് ഡാമുകളുടെ അവകാശം വേണമെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിച്ചെന്ന് കാട്ടി കേന്ദ്ര ജലകമ്മിഷന്‍ കഴിഞ്ഞ ഏപ്രില്‍ 15ന് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.