കണ്ണീര്‍വാതകം മാത്രമല്ല പ്രയോഗിച്ചത്; ദില്ലി ചലോ മാര്‍ച്ചിനിടെ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി
India
കണ്ണീര്‍വാതകം മാത്രമല്ല പ്രയോഗിച്ചത്; ദില്ലി ചലോ മാര്‍ച്ചിനിടെ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 6:01 pm

ചണ്ഡീഗഡ്: ദില്ലി ചലോ മാര്‍ച്ചിനിടെ ശംഭു അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കണ്ണീര്‍ വാതകം മാത്രമല്ല ബുള്ളറ്റും പെല്ലറ്റ് ഗണ്ണുകളും കർഷകർക്ക് നേരെ ഹരിയാന പൊലീസ് പ്രയോഗിച്ചെന്ന് മന്ത്രി ആരോപിച്ചു.

കണ്ണിന് പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളെ ജി.എം.സി.എച്ച് 32ലും രണ്ട് പേരെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അവരെ പരിശോധിച്ച് വേണ്ട ചികിത്സ നല്‍കിയെങ്കിലും കാഴ്ച ശക്തി നഷ്ടപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്കാണ് പരിക്കേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കണ്ണീര്‍ വാതകത്തിന് പുറമേ റബര്‍ ബുള്ളറ്റുകള്‍ മാത്രമാണ് പ്രയോഗിച്ചതെന്ന് ഹരിയാന പൊലീസ് അവകാശപ്പെട്ടു. ‘ജനക്കൂട്ടം ഞങ്ങളെ വളഞ്ഞപ്പോള്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചത്. അവ മാരകമായ ആയുധമല്ല. പൊലീസിനെ ആക്രമിക്കാന്‍ വരുമ്പോള്‍ മാത്രമാണ് അവ പ്രയോഗിക്കുന്നത്’, ഹരിയാനയിലെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ മംത സിങ് പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് ദില്ലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹരിയാനയിലെ ശംഭുവില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം നടപ്പിലാക്കുന്നതുള്‍പ്പടെയുള്ള എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെല്ലാം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

കോണ്‍ഗ്രീറ്റ് ഭിത്തികളും, മുള്‍ വേലികളുമുള്‍പ്പടെയുള്ളവ അതിര്‍ത്തിയില്‍ സ്ഥാപിച്ച് കൊണ്ടാണ് കര്‍ഷക പ്രതിഷേധത്തെ പൊലീസ് തടഞ്ഞത്. അതേസമയം വ്യാഴാഴ്ച കര്‍ഷകരുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയും വിജയിച്ചില്ല.

Contant Highlight: Three farmers lost eyesight from pellets fired by Haryana Police