ന്യൂയോര്‍ക്ക്: ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഹൂത്തികളെ തടയാനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാവിക സഖ്യത്തില്‍ നിന്ന് പിന്മാറി. സഖ്യത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് മൂന്ന് രാജ്യങ്ങളും ഔദ്യോഗികമായി വാഷിങ്ടണിനെ അറിയിച്ചു.
ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ തുടങ്ങിയ സംഘടനകളുടെ കീഴ്വഴക്കങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട തങ്ങളുടെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങളുടെ പിന്മാറ്റം.
ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നുവെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനായുള്ള നടപടികള്‍ രാജ്യം തുടങ്ങിവെച്ചുവെന്നും മന്ത്രാലയം പറഞ്ഞു. എന്നാല്‍ തങ്ങളുടെ കപ്പലുകള്‍ ഫ്രഞ്ച് കമാന്‍ഡിന് കീഴിലായിരിക്കുമെന്നും കൂടുതല്‍ നാവിക സേനയെ വിന്യസിക്കുമോ എന്നതില്‍ തീരുമാനായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറ്റാലിയന്‍ കപ്പല്‍ ഉടമകളുടെ പ്രത്യേക അഭ്യര്‍ത്ഥനകള്‍ പ്രകാരം ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നാവിക കപ്പലായ വിര്‍ജീനിയോ ഫാസനെ ചെങ്കടലിലേക്ക് അയക്കുമെന്ന് ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് തങ്ങളുടെ രാജ്യതാത്പര്യത്തിന്റെ ഭാഗമാണെന്നും യു.എസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തിന്റെ ഭാഗമല്ലെന്നും ഇറ്റലി അറിയിച്ചു.
നാറ്റോയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങളിലും യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രിക്കുന്ന ഏകോപിത പ്രവര്‍ത്തനങ്ങളിലും മാത്രമേ പങ്കെടുക്കുകയുള്ളുവെന്നും സ്പെയിനിന്റെ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചെങ്കടലിലെ പ്രതിരോധത്തില്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കില്ലെന്നും സ്‌പെയിന്‍ ചൂണ്ടിക്കാട്ടി.
നാവിക സേനയില്‍ പങ്കാളിയായെങ്കിലും യുദ്ധക്കപ്പലുകള്‍ വിട്ടുകൊടുക്കാന്‍ ഓസ്ട്രേലിയയും വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
നിലവില്‍ ഓപ്പറേഷന്‍ പ്രോസ്പെരിറ്റി ഗാര്‍ഡിയന്‍ എന്നറിയപ്പെടുന്ന യു.എസിന്റെ സമുദ്ര ദൗത്യത്തില്‍ പങ്കെടുക്കാന്‍ 20ലധികം രാജ്യങ്ങള്‍ സമ്മതിച്ചതായി പെന്റഗണ്‍ അറിയിച്ചു. ബഹ്റൈന്‍, കാനഡ, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സീഷെല്‍സ്, യു.കെ എന്നീ രാജ്യങ്ങളെ ഉള്‍പെടുത്തിക്കൊണ്ടാണ് സഖ്യം രൂപീകരിക്കുന്നതെന്ന് പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ പ്രഖ്യാപിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എട്ട് രാജ്യങ്ങള്‍ കൂടി സഖ്യത്തില്‍ ഉണ്ടെന്ന് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
Content Highlight: Three European countries have withdrawn from the US Navy formed to stop the Houthis