| Saturday, 30th September 2023, 4:35 pm

റോണോയെ സൈന്‍ ചെയ്യുന്നതില്‍ അതൃപ്തി കാട്ടിയ മൂന്ന് യൂറോപ്യന്‍ ക്ലബ്ബുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ റൊണാള്‍ഡോ യൂറോപ്പിലെ തന്നെ ഏതെങ്കിലുമൊരു ക്ലബ്ബുമായി സൈന്‍ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കാന്‍ വിസമ്മതിച്ച മൂന്ന് ക്ലബ്ബുകളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുകയാണ് സ്പോര്‍ട്സ് മാധ്യമമായ ഇ.എസ്.പി.എന്‍.

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കാന്‍ താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ലീഗ് വണ്‍ ചാമ്പ്യന്മാരായ പി.എസ്.ജി റൊണാള്‍ഡോയെ ക്ലബ്ബിലെത്തിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നിരസിച്ചിരുന്നെന്നും അന്ന് മെസിയും എംബാപ്പെയും നെയ്മറും ക്ലബ്ബിലുള്ളതിനാല്‍ റൊണാള്‍ഡോയെ പോലൊരു മുന്‍ നിര താരത്തെ ടീമിന് ആവശ്യമില്ല എന്നായിരുന്നു പി.എസ്.ജിയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനവും പി.എസ്.ജിയെ സംബന്ധിച്ച് വഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബയേണ്‍ മ്യൂണിക്കാണ് റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കാന്‍ വിസമ്മതിച്ച രണ്ടാമത്തെ ക്ലബ്ബ്. പ്രശസ്ത വാര്‍ത്താ മാധ്യമമായ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം ബയേണ്‍ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ സ്ഥാനത്തേക്ക് റൊണാള്‍ഡോയെ പരിഗണിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പ്രായവും വേതനവും പ്രശ്നമാണെന്ന് മനസിലാക്കിയതോടെ അന്നത്തെ കോച്ച് ജൂലിയന്‍ നെഗല്‍സ്മാന്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

സമാന കാരണങ്ങള്‍ കൊണ്ട് റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കാന്‍ അനിഷ്ടം കാട്ടിയ ക്ലബ്ബാണ് ചെല്‍സി. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍താരം റൊമേലു ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയതോടെ പകരക്കാരനെ അന്വേഷിക്കുകയായിരുന്നു ചെല്‍സി. എന്നാല്‍ അവിടെയും പ്രായമാണ് റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കുന്നതിന് വിലങ്ങ് തടിയായത്.

എന്നിരുന്നാലും ഈ ജനുവരിയില്‍ അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് തന്റെ കരിയറിലുടനീളം കാഴ്ച വെച്ചിരുന്നത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറില്‍ രണ്ട് വര്‍ഷത്തേക്കാണ് അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

അതേസമയം, സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ താഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തിന്റെ 87ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാണ് അല്‍ നസറിനെ ജയത്തിലേക്ക് നയിച്ചത്.

Content Highlights: Three European clubs were interested to sign with Cristiano Ronaldo

We use cookies to give you the best possible experience. Learn more