ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച മൂന്ന് ഡെർബി പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്.
ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച മത്സരം എന്ന് കണക്കാക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-മാഞ്ചസ്റ്റർ സിറ്റി ഡെർബിയും ലണ്ടനിലെ മികച്ച രണ്ട് ക്ലബ്ബുകളായ ആഴ്സണൽ-ടോട്ടൻഹാം ഹോട്സ്പർ എന്നീ ടീമുകൾ ഏറ്റുമുട്ടിയ നോർത്ത് ലണ്ടൻ ഡെർബിയും ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഫുട്ബോൾ മത്സരം എന്ന ഖ്യാതിയുള്ള റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോയുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കഴിഞ്ഞത്.
ഇംഗ്ലീഷ് ഫുട്ബോളിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാൻ യുണൈറ്റഡ് വിജയിച്ചത്.
ആദ്യ ഡെർബിയിൽ സിറ്റിയോട് ഏറ്റ 6-3 എന്ന നാണം കെട്ട തോൽവിക്ക് പകരം ചോദിക്കാൻ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ ചുവന്ന ചെകുത്താൻമാർക്ക് സാധിച്ചു.
ബ്രൂണോ ഫെർണാണ്ടസിന്റെയും മാർക്കസ് റാഷ്ഫോർഡിന്റെയും ഗോളുകളിലാണ് മാൻ യുണൈറ്റഡ് ഹാലണ്ട്, മഹ്റസ്, ജൂലിയൻ അൽവാരസ്, ഗുണ്ടോഗൻ, കെവിൻ ഡി ബ്രൂയ്ൻ എന്നീ വമ്പൻ താരങ്ങൾ അടങ്ങിയ സിറ്റിയെ പരാജയപ്പെടുത്തിയത് മത്സരത്തിൽ വിജയിച്ചതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാമതെത്താൻ യുണൈറ്റഡിന് സാധിച്ചു.
വടക്കൻ ലണ്ടൻ ടീമുകളായ ആഴ്സണൽ, ടോട്ടൻഹാം എന്നിവർ ഏറ്റുമുട്ടിയ നോർത്ത് ലണ്ടൻ ഡെർബിയിൽ 2003-2004 സീസണിലെ തങ്ങളുടെ പ്രീമിയർ ലീഗ് ജൈത്രയാത്രക്ക് സമാനമായ രീതിയിൽ മുന്നേറ്റം തുടരുന്ന ആഴ്സണൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാമിനെ തകർത്തെറിഞ്ഞത്.
സ്പേഴ്സിന്റെ ഗോൾ കീപ്പറായ ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് വഴങ്ങിയ സെൽഫ് ഗോളും ഒടേഗാർഡ് നേടിയ ലോങ്ങ് ഗോളുമാണ് ആഴ്സണലിനെ മത്സരത്തിൽ വിജയിപ്പിച്ചത്. ടോട്ടൻഹാം നിരവധി തവണ ഗണ്ണേഴ്സിന്റെ ഗോൾ മുഖത്തേക്ക് അക്രമിക്കാനായി ഇരമ്പിയെത്തിയെങ്കിലും ഗണ്ണേഴ്സിന്റെ ഗോൾ കീപ്പർ റാംസ്ഡലെയേ മറികടക്കാൻ സ്പേഴ്സിന്റെ മുന്നേറ്റ നിരക്ക് സാധിച്ചില്ല.
സൂപ്പർ കോപ്പാ എസ്‌പാന കപ്പിന്റെ ഫൈനൽ ആയി നടന്ന എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സക്കായി ഗവി, ലെവൻഡോസ്കി, പെഡ്രി എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്.
റയലിന്റെ ആശ്വാസ ഗോൾ മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധിക സമയത്ത് കരീം ബെൻസെമ നേടി.
മത്സരത്തിൽ ഇരു ടീമുകളും ഏകദേശം ഒരേ രീതിയിൽ തന്നെയുള്ള മത്സരമാണ് കാഴ്ച വെച്ചതെങ്കിലും ബാഴ്സയെപ്പോലെ കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാൻ റയലിനായില്ല.
ഈ കിരീട നേട്ടത്തോടെ മെസിയുടെ ക്ലബ്ബ് വിടലിനും സാവിയുടെ പരിശീലക സ്ഥാനത്തേക്കുള്ള കടന്ന് വരവിനും ശേഷം ആദ്യ ടൈറ്റിൽ നേട്ടത്തിലേക്ക് ബാഴ്സയെത്തി.