| Sunday, 19th March 2023, 8:14 pm

നോട്ടീസയച്ച് മൂന്ന് ദിവസത്തിന് ശേഷം ദല്‍ഹി പൊലീസ് വസതിയില്‍; നാല് പേജ് വരുന്ന മറുപടി നല്‍കി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ രാജ്യത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണെന്ന പരാമര്‍ശത്തിലെ ദല്‍ഹി പൊലീസിന്റെ നോട്ടീസില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ ഇന്നും രാജ്യത്ത് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. അതില്‍ വിശദീകരണം തേടി ദല്‍ഹി പൊലീസ് അയച്ച നോട്ടീസിലാണ് നാല് പേജ് വരുന്ന മറുപടി രാഹുലയച്ചിരിക്കുന്നത്.

അതേസമയം അദ്ദേഹം പൂര്‍ണ മറുപടി നല്‍കാന്‍ എട്ട് മുതല്‍ പത്ത് ദിവസം വരെ സമയം വേണമെന്ന് ആവശ്യപ്പെട്ടതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച ദല്‍ഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയായ തുഗ്ലക് ലൈനിലെത്തിയിരുന്നു. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയത്.

ലൈംഗികാതിക്രമത്തിന് ഇരയാവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16നാണ് രാഹുലിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കി മൂന്ന് ദിവസത്തിനുള്ളില്‍ രാഹുലിന്റെ വസതിയിലേക്ക് പൊലീസ് വരികയായിരുന്നു.

ഈ നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തി.

ഭാരത് ജോഡോ യാത്ര കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമുള്ള നടപടിയുടെ ഉദ്ദേശമെന്താണെന്നും പൊലീസ് വിഷയത്തില്‍ ഇത്രമാത്രം ജാഗ്രത പുലര്‍ത്തുന്നവരായിരുന്നെങ്കില്‍ എന്തുകൊണ്ട് പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തില്ലെന്നും കോണ്‍ഗ്രസ് മീഡിയ സെല്‍ ഇന്‍-ചാര്‍ജ് ജയറാം രമേശ് ചോദിച്ചു.

‘ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ട് 45 ദിവസമായി. ഈ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞ കാര്യത്തെ കുറിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പോകുന്നത്. വിഷയത്തില്‍ ദല്‍ഹി പൊലീസ് ഇത്രമാത്രം ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ ഫെബ്രുവരിയില്‍ തന്നെ ചോദ്യം ചെയ്തില്ല? വിഷയത്തില്‍ നിയമപരമായി തന്നെ രാഹുല്‍ ഗാന്ധിയുടെ ലീഗല്‍ ടീം മറുപടി പറയും,’ ജയറാം രമേശിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അമിത് ഷായുടെ ഉത്തരവില്ലാതെ, കേന്ദ്ര നേതാവിന്റെ വീട്ടിലേക്ക് പ്രത്യേക കാരണങ്ങളില്ലാതെ പൊലീസിന് കടന്നുചെല്ലാനാകില്ലെന്നും ഇത് പ്രതികാര നടപടിയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ശ്രീനഗറില്‍ വെച്ച് നടത്തിയ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രാജ്യത്ത് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൈംഗിക പീഡനപരാതിയുമായി തന്നെ സമീപിച്ച സ്ത്രീകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചത്.

content highlight: Three days after sending the notice at the Delhi Police residence; Rahul Gandhi gave a four-page reply

We use cookies to give you the best possible experience. Learn more