ഗസ: ഇസ്രഈല്‍ വംശഹത്യക്കെതിരെ ചെറുത്തുനില്‍ക്കുമ്പോഴും ഗസയിലെ ഫലസ്തീനികള്‍ അനുഭവിക്കുന്ന വേദനകളില്‍ കുറവുണ്ടാകുന്നില്ല. ഇസ്രഈല്‍ സൈനിക നടപടികള്‍ക്കിടയില്‍ ജനിച്ച ഇരട്ട കുഞ്ഞുങ്ങളുടെ മരണത്തിന് സാക്ഷിയായ ഫലസ്തീന്‍ യുവാവിന്റെ പ്രതികാരമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ തന്റെ പങ്കാളിയെയും അവരുടെ മാതാവിനെയും മുഹമ്മദ് അബു അല്‍ കുംസാന്‍ എന്ന ഫലസ്തീന്‍ യുവാവിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നവജാത ശിശുക്കളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് അല്‍ കുംസാന്റെ കുടുംബത്തിന് നേരെ വീണ്ടും ഇസ്രഈലിന്റെ ആക്രമണമുണ്ടാകുന്നത്.
ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനിടെ യുവാവിന് ലഭിച്ച ഫോണ്‍ കോളില്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങി വരാനായിരുന്നു നിര്‍ദേശം. ഈ സമയം അദ്ദേഹം മധ്യ ഗസയിലെ ദേര്‍ അല്‍ ബലാഹിലുള്ള അല്‍അഖ്സ ഹോസ്പിറ്റലിലായിരുന്നു. തിരിച്ചെത്തിയ കുംസാന്‍ കാണുന്നത് ഇസ്രഈലിന്റെ ക്രൂരമായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളായിരുന്നു.
ഇതിനുപിന്നാലെ അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയ്ക്ക് ഫലസ്തീന്‍ യുവാവ് നല്‍കിയ പ്രതികരണമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്.
‘ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച് അഞ്ച് മിനിറ്റിന് ശേഷം എനിക്ക് എന്റെ കുഞ്ഞുങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചു,’ എന്നായിരുന്നു 33 കാരനായ ആ പിതാവ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞത്.
ചൊവ്വാഴ്ച നടന്ന ഇസ്രഈല്‍ ഷെല്ലാക്രമണത്തിലാണ്, കുംസാന്റെ പങ്കാളിയായ ജുമാനയും മാതാവും മരണപ്പെടുന്നത്. പിന്നാലെയുണ്ടായ ആക്രമണത്തില്‍ അസര്‍, അസീല്‍ എന്നിങ്ങനെ പേര് നല്‍കിയ കുംസാന്റെ ഇരട്ട കുഞ്ഞുങ്ങളും കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് നവജാത ശിശുക്കള്‍ക്ക് മൂന്ന് ദിവസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.
അല്‍ അഖ്സ ആശുപത്രിയില്‍ ഡോക്ട്ടറായി പ്രവര്‍ത്തിച്ചിരുന്ന ജുമാന കഴിഞ്ഞ ശനിയാഴ്ചയാണ് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങള്‍ക്ക് അസര്‍, അസീല്‍ പേര് നല്‍കിയതും ജുമാന തന്നെയായിരുന്നു.
ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജുമാന ജന്മനം നല്‍കിയിരുന്നത്. അവര്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് സവിശേഷമായ പേരുകള്‍ നല്‍കാനാണ് ജുമാന ആഗ്രഹിച്ചിരുന്നതെന്നും കുംസാന്‍ പറഞ്ഞു.
ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടന നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗസയില്‍ ഇസ്രഈലിന്റെ വംശഹത്യ നടന്നുവരികയാണ്. ഇതിനിടയില്‍ മൂന്ന് തവണ കുംസാനും കുടുംബവും കുടിയിറക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദെയ്ര്‍ അല്‍ ബലാഹിന്റെ കിഴക്കന്‍ പ്രദേശമായ ഖസ്തല്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
കുടിയിറക്കപ്പെട്ടതോടെ വടക്കന്‍ ഗസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലാണ് കുംസാനും കുടുംബവും അഭയം തേടിയത്. പിന്നീട് റഫയിലേക്കും ഇവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ദെയ്ര്‍ അല്‍ ബലാഹിലേക്ക് തന്നെ കുംസാനും കുടുംബത്തിനും മടങ്ങേണ്ടി വന്നു. എന്നാല്‍ സുരക്ഷിത മേഖലയായി ഇസ്രഈല്‍ പ്രഖ്യാപിച്ച പ്രദേശങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്ക് കുംസാനും കുടുംബവും ഇരയാക്കപ്പെടുകയായിരുന്നു.
ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റ് സിഗ്‌നല്‍ ലഭിക്കാന്‍ ജുമാന ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ കുഞ്ഞുങ്ങളുടെ ഡയപ്പറുകളും മരുന്നുകളും ഉള്‍പ്പെടെയുള്ള വീട്ടിലെ മുഴുവന്‍ സാധനങ്ങളും നിലത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്, ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ച് 10 മാസം പിന്നിടുമ്പോള്‍ 115 നവജാത ശിശുക്കള്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്.
Content Highlight: Three-day-old twins were killed in Palestine by Israeli shelling