ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഗോണ്ട നഗരത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. 8, 12, 17 എന്നീ പ്രായത്തിലുള്ള സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
ആസിഡ് ആക്രമണം നടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് ആസിഡ് ഒഴിച്ചത്. കുട്ടികളെ നിലവില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരില്‍ രണ്ടു പേര്‍ക്ക് ചെറിയ പരിക്കുകളാണുള്ളത്. ഒരു കുട്ടിയുടെ മുഖത്തിനാണ് പരിക്ക് പറ്റിയത്.
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാംത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 29ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.