ദിവസം മൂന്ന് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിയ്ക്കുന്നത് അള്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഈ രീതിയില്‍ കാപ്പി കുടിക്കുന്നവരില്‍ അള്‍ഷിമേഴ്‌സ് സാധ്യത 20% കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
തലച്ചോറില്‍ അള്‍ഷിമേഴ്‌സിന് കാരണമായേക്കാവുന്ന അമിലോയ്ഡ് പാളിയും ന്യൂറോഫിബ്രുലറി രൂപം കൊള്ളുന്നത് തടയാന്‍ കഫീന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
യു.കെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോറന്‍ സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയാണ് പഠനം നടത്തിയത്. പോളിഫിനോള്‍സ്, കഫീന്‍ എന്ന ഘടകങ്ങളാണ് അള്‍ഷിമേഴ്‌സില്‍ നിന്നും സംരക്ഷിക്കുന്നത്. ഈ ഘടകങ്ങള്‍ കാപ്പിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കാപ്പിയുടെ മിതമായ ഉപയോഗം ഡിമെന്‍ഷ്യ ഉണ്ടാവാനുളള സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇതിന് നാലുവര്‍ഷത്തെ കാലാവധി മാത്രമേയുള്ളൂ. അതില്‍ കൂടുതലാകുമ്പോള്‍ കോഫിയുടെ പ്രഭാവം കുറയുന്നെന്നും പഠനത്തില്‍ കണ്ടെത്തി.
മത്സ്യവും, പഴങ്ങളും, പച്ചക്കറികളും ഒലിവ് ഓയിലും, റെഡ് വൈനും അടങ്ങിയ മെഡിറ്ററേനിയന്‍ ഡയറ്റ് അള്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നും നേരത്തെ കണ്ടെത്തിയിരുന്നു.