തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാക്കളായ വനിതകള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ മൂന്ന് കോടി രൂപ അനുവദിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഡബ്ല്യൂ.സി.സി. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇത് തങ്ങളുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.
നവാഗതരായ സിനിമാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമായാണ് ഇതിനെ കാണുന്നതെന്ന് ഡബ്ലൂ.സി.സി അംഗവും സിനിമാ സംവിധാകയുമായ വിധു വിന്‍സെന്റ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“പുതിയതായി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതാ സംവിധായകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തുക എന്ന തരത്തിലാണ് സര്‍ക്കാര്‍ ഇത് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഡബ്ല്യൂ.സി.സി ക്ക് ഇത് വലിയൊരു വിജയവും സന്തോഷവുമാണ്. സ്ത്രീകളുടെ പ്രസന്‍സ് ഇല്ല എന്നതാണ് മലയാള സിനിമക്കകത്ത് നമ്മുടെ ഇപ്പോഴത്തെ പ്രശ്‌നം. പ്രസന്‍സ് ഉണ്ടെങ്കില്‍ മലയാള സിനിമ കൂടുതല്‍ സ്ത്രീ സൗഹാര്‍ദപരമാക്കാന്‍ കഴിയുള്ളു. അത്തരത്തില്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായിട്ടാണ് ഡബ്ല്യൂ.സി.സി ഇതിനെ കാണുന്നത്.” വിധു വിന്‍സെന്റ് പറയുന്നു.
ഈ തുക എങ്ങനെ വിനിയോഗിക്കണമെന്നോ എത്ര വിനിയോഗിക്കണമെന്നോ സര്‍ക്കാര്‍ കമ്മിറ്റി വിളിച്ച് തീരുമാനിക്കുകയേ ഉള്ളുവെന്നും മൂന്ന് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നാണ് അറിഞ്ഞതതെന്നും വിധു പറയുന്നു.
“സര്‍ക്കാര്‍ ഒരു തുക തരാമെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണ്, ഏതൊക്കെ തരത്തില്‍ വനിതാ ക്രൂവിനെ ഉപയോഗിക്കും എന്ന തരത്തില്‍ നിബന്ധനകള്‍ കൊണ്ടുവരാനുള്ള സാധ്യതകളും ഉണ്ട്. അടുത്ത വര്‍ഷം കുടുതല്‍ തുക സര്‍ക്കാര്‍ നിക്ഷേപിക്കണമെങ്കില്‍ അത് പ്രയോജനപ്പെടുന്നുണ്ടെന്ന് വനിതാ സംവിധായകര്‍ തെളിയിക്കണം. ഈ ഫണ്ട് അക്കാദമി വഴിയോണോ കെ.എസ്.എഫ്.ഡി.സി വഴിയാണോ നല്‍കുന്നതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. തുക എത്രപേര്‍ക്ക് എങ്ങനെ കൊടുക്കണമെന്നുള്ളതൊക്കെ അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് മനസ്സിലാക്കുന്നത്. ഡബ്ല്യൂ.സി.സി യെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാരംഭം മുതല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.” വിധു പറയുന്നു.
സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കുന്നുണ്ടെന്നതിന്റെ ഏറ്റവും നല്ല തെളിവാണിതെന്നും ഇത് തങ്ങളുടെ വിജയമാണെന്നും ദേശീയ സിനിമാരംഗത്ത് തന്നെ ഇങ്ങനെയൊരു മുന്നേറ്റം ആദ്യമാണെന്നുമ്ാണ് സിനിമാ എഡിറ്ററും ഡബ്ല്യൂ.സി.സി അംഗവുമായ ബീനാപോള്‍ പറയുന്നത്.
“ഇന്ത്യയില്‍ തന്നെ ആദ്യമാണ് ഇങ്ങനെയൊരാവശ്യം കണ്ടുപിടിച്ച് അത് നടപ്പിലാക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റ് ഞങ്ങളെ കേള്‍ക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്.”
ഡബ്ല്യൂ.സി.സി യുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇതിനെ കാണാമെന്നും ചെറിയതുകയാണെങ്കില്‍പോലും നന്നായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അടുത്ത പ്രാവശ്യം കുടുതല്‍ തുക ലഭിക്കുമെന്നാണ് കരുതുന്നതെന്നും ബീനപോള്‍ പറയുന്നു.
ചെറിയൊരു തുകയാണെങ്കില്‍പോലും ഇത് നന്നായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അടുത്ത പ്രാവശ്യം ഇതിലും കുടുതല്‍ തുക ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇത് ഒരു സബ്‌സിഡി തുകയോണോ നല്ല തിരകഥകള്‍ തെരഞ്ഞെടുത്താണോ ഇത് നല്‍കുന്നതെന്ന് തീരുമാനമായിട്ടില്ല. അത് ധനമന്ത്രി തീരുമാനിച്ചിട്ട് പറയുകയായിരിക്കും. ഇപ്പോള്‍ പ്രഖ്യാപനം മാത്രമാണ് നടന്നിട്ടുള്ളത്.” ബീനാപോള്‍ പറഞ്ഞു.
മലയാള സിനിമയില്‍ സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു മുന്നേറ്റം ഉണ്ടാവുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നതെന്ന് ഡബ്ലൂ.സി.സി പറയുന്നു
വനിതആര്‍ട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു തീരുമാനമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
“മലയാള സിനിമയില്‍ പുരുഷമേധാവിത്വം ഒരു വെല്ലുവിളിയാണ്. നമുക്ക് വനിതാ ആര്‍ട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മൂന്ന് കോടി എന്നത് അത്ര വലിയ തുകയല്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ആ തുക ഉയര്‍ത്തും.” തോമസ് ഐസക് പറഞ്ഞു. മലയാള സിനിമയില്‍ ലിംഗസമത്വത്തിന് വേണ്ടി പോരാടാന്‍ ഒരു പെണ്‍കുട്ടായ്മ രൂപപ്പെട്ടത് വളരെ മികച്ചൊരു കാര്യമാണെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.