റായ്പൂര്‍: ബീഫ് കടത്താരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം തുടരുന്നു. ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച് മുസ് ലീം യുവാവിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ ഡയറി ഫാം അടിച്ചുതകര്‍ക്കുമായിരുന്നു.
ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്‌റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലേക്ക് ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശനിയാഴ്ച വൈകീട്ടെടെ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉടമ ഉസ്മാന്‍ ഖുറേഷിയെ ഇവര്‍ കയ്യേറ്റം ചെയ്യു. തുടര്‍ന്ന് ഡയറി ഫാം അടിച്ചുതകര്‍ക്കുകയും ഇനി ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖുറേഷി പൊലീസില്‍ പരാതി നല്‍കി.
ഇതിന് പിന്നാലെ ഉസ്മാന്‍ ഖുറേഷിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. പശുവിനെ അറക്കുന്നുണ്ടായിരുന്നെന്നും പശുവിന്റെ മാംസം ഡയറി ഫാമില്‍ നിന്നും ലഭിച്ചുവെന്നും ആയിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്നും അത്തരത്തിലുള്ള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ‘ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും’ പൊലീസ് അറിയിച്ചു.
ഇതിന് പിന്നാലെ ഗോരക്ഷകര്‍ എന്ന് അവകാശപ്പെട്ട് അക്രമം നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അംഗിത് ദ്വിവേദി,അമര്‍ജിത് സിങ്. സുബാന്‍കര്‍ ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 147, 148, 427, 323,380 തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഡയറി ഫാം ഉടമക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും കേസെടുക്കേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും പൊലസ് അഡീഷണല്‍ സൂപ്രണ്ട് പ്രഫുല്‍ താക്കൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ ഗോരക്ഷകര്‍ എന്നവകാശപ്പെടുന്ന ഗുണ്ടകള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.
ഓട്ടോയില്‍ പോവുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ദിലിപ് മാള്‍വിയ, തൗസിഫ് ഖാന്‍, സമ അന്‍സാരി എന്നിവര്‍ക്കായിരുന്നു മര്‍ദനമേറ്റത്.
എന്നാല്‍ ബീഫ് കൈവശം വെച്ചന്നാരോപിച്ച് അക്രമം നേരിട്ടവരെയായിരുന്നു പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. മാട്ടിറച്ചി കൈവശംവെച്ചതിന് കാര്‍ഷിക കാലിസംരക്ഷണ നിയമപ്രകാരം ബുധനാഴ്ചയായിരുന്നു പോലീസ് ഇവരെ അറസ്റ്റ്. മേയ് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
140 കിലോ മാട്ടിറച്ചി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, മര്‍ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരേ പ്രതിഷേധമുയരുകയും ചെയ്തതോടെ മാത്രമാണ് പോലീസ് ഗോരക്ഷകരെ അറസ്റ്റുചെയ്തത്.