മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്?; വിവരങ്ങള്‍ പുറത്തുവിട്ട് ചന്ദ്രകാന്ത് പാട്ടീല്‍
national news
മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്?; വിവരങ്ങള്‍ പുറത്തുവിട്ട് ചന്ദ്രകാന്ത് പാട്ടീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 7:41 pm

മുംബൈ: എം.എല്‍.സി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചരടുവലികള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അവകാശപ്പെട്ടു.

ഏക്‌നാഥ് ഖഡ്‌സെ അടക്കമുള്ള മൂന്ന് പ്രധാന നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയില്‍ ഗുരുതര അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുന്നു എന്ന പ്രസ്താവനയുമായി പാട്ടില്‍ രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ കോണ്‍ഗ്രസില്‍ മൂന്ന് വലിയ ഭൂകമ്പങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് പാട്ടീല്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഇത് സംഭവിക്കാന്‍ പോകുന്നെന്നും പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍നിന്നും രണ്ട് യുവ നേതാക്കളും ഒരു മുതിര്‍ന്ന നേതാവും ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയെ കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാത്ത് കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍.

അതേസമയം, ഏക്‌നാഥ് ഖഡ്‌സെ അടക്കം ഏഴ് നേതാക്കള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തോറാത്ത് അടക്കമുള്ളവര്‍ക്ക് യാതൊരു ധാരണയുമില്ലെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.