| Monday, 1st January 2024, 7:27 pm

സൗത്ത് ആഫ്രിക്കക്കെതിരെ അടുത്ത ടെസ്റ്റില്‍ മൂന്ന് മാറ്റങ്ങള്‍ അനിവാര്യമാണ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കെതിരെയായ ആദ്യ ടെസ്റ്റില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തകര്‍ന്ന ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് പരാജയപ്പെട്ടത്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് കേപ് ടൗണില്‍ ജനുവരി മൂന്നിന് നടക്കാനിരിക്കുകയാണ്. സമനില സ്വന്തമാക്കണമെങ്കില്‍ അടുത്ത ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നിലവില്‍ ശക്തമായ സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

ബാറ്റിങ്ങില്‍ രണ്ട് ഇന്നിങ്‌സിലും കെ. എല്‍ രാഹുലിനും വിരാട് കോഹ്ലിക്കുമല്ലതെ മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബൗളിങ്ങില്‍ അശ്വിനും പ്രസിദ് കൃഷ്ണക്കും പ്രതീക്ഷിച്ചത് പോലെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചില്ലായിരുന്നു. അടുത്ത ടെസ്റ്റിന്റെ സ്‌ക്വാഡില്‍ ടോപ് ഓര്‍ഡറിലും മിഡ് ഓര്‍ഡറിലും ബൗളിങ് നിരയിലും മാറ്റം കൊണ്ട് വരേണ്ടത് അനിവാര്യമാണ്. അതിനായ് മുന്‍ നിര ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന് പകരം അഭിമന്യു ഈശ്വരനെ കൊണ്ടുവരുക എന്നതാണ്. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച സ്ഥിരതയുള്ള പ്രകടനമാണ് അഭിമന്യു പുറത്തെടുത്തത്.

അഭിമന്യു ഗില്ലിന്റെ സ്ഥാനത്ത് എത്താന്‍ അര്‍ഹനാണ്. 22 സെഞ്ച്വറികളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 47.3 എന്ന ശരാശരിയിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. ടെസ്റ്റ് കരിയറില്‍ ഗില്‍ മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. എന്നാല്‍ മറ്റു ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാണ്.

രണ്ടാമത്തെ പ്രധാന മാറ്റം രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ഉള്‍ക്കൊള്ളിക്കുന്നതാണ്.
ഇന്ത്യക്ക് വേണ്ടി വിദേശ പിച്ചില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന പരിചയ സമ്പന്നനായ താരമാണ്. ആദ്യ ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് താരം മാറി നിന്നിരുന്നു. എന്നാല്‍ നിര്‍ണായക ടെസ്റ്റില്‍ താരത്തിന്റെ സേവനം ടീമിന് അനിവാര്യമാണ്. അശ്വിന് പ്രതീക്ഷിച്ചതിലും നന്നായി പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു എന്നത് മറ്റൊരു പ്രശനമാണ്.

മറ്റൊരു വിലയിരുത്തല്‍ പ്രസിദ്ദ് കൃഷ്ണയെ മാറ്റിക്കൊണ്ട് മുകേഷ് കുമാറിനെ പരീക്ഷിക്കുക എന്നതാണ്. വിദേശി പിച്ചില്‍ മികച്ച പേസും ബൗണ്‍സും കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടും താരത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ മുകേഷ് കുമാര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നന്നായി പെര്‍ഫോമന്‍സ് ചെയ്തിരുന്നു. ബൗളിങ്ങില്‍ മുഖ്യശക്തികളായ ജസ്പ്രിത് ബുംറയെയും മുഹമ്മദ് സിറാജിനെയും പിന്തുണക്കാന്‍ മുകേഷിന് കഴിയുമെന്ന് വിശ്വസിക്കാം.

Content Highlight: Three changes are essential for the next Test against South Africa

We use cookies to give you the best possible experience. Learn more