അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം മൂന്ന് നഗരങ്ങളിലേക്കായി മാറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കാനുള്ള മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നീക്കത്തിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധപരിപാടിക്കൊടുവിലാണ് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മില്‍ പ്രശ്‌നമുണ്ടായത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കണ്ണ ലക്ഷമി നാരായണയുടെ നേതൃത്വത്തില്‍ അമരാവതിയിലെ ഉദണ്ഡരായണി പാലേം എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു പ്രതിഷേധം. പരിപാടിയുടെ അവസാനം നാരായണ പോയതിന് ശേഷമാണ് രംഗം വഷളായത്.
DoolNews Video
സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ പ്രതിഷേധക്കാരെ രോഷാകുലരാക്കുകയായിരുന്നു.
മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പൊലീസ് എത്തിയാണ് ഇവരെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയത്. അക്രമത്തില്‍ ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് നഗരങ്ങളിലേക്കായി വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അമരാവതിയെക്കൂടാതെ വിശാഖപ്പട്ടണം, കൂര്‍ണൂല്‍ എന്നിവയും തലസ്ഥാന പദവിയിലേക്ക് ഉയര്‍ത്താനാണ് പുതിയ തീരുമാനം.
മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് തലസ്ഥാനങ്ങള്‍ എന്ന പദ്ധതി തയ്യാറാക്കുന്നത്. ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ വിഭാഗങ്ങള്‍ക്ക് വേണ്ടി മൂന്ന് തലസ്ഥാനങ്ങള്‍ എന്ന രീതിയിലാണ് കണക്കാക്കിയിട്ടുള്ളത്.
മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അമരാവതിക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി പ്രദേശത്തെ കര്‍ഷകരില്‍ നിന്നും 33,000 ഏക്കര്‍ ഭൂമി മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു അന്ന് ഉറപ്പ് നല്‍കിയിരുന്നത്. ഈ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ വലിയ ആശങ്കയിലാണ് ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍.