ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങി മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍. വ്യാഴാഴ്ച രാത്രി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബി.ജെ.പി എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശരദ് കൗള്‍, സഞ്ജയ് പതക്, നാരായണ്‍ ത്രിപാഠി തുടങ്ങിയ ബി.ജെ.പി എം.എല്‍.എമാരാണ് കഴിഞ്ഞ ദിവസം കമല്‍നാഥുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം മൈഹാറിലെ എം.എല്‍.എ ത്രിപാഠി തന്റെ എം.എല്‍.എ സ്ഥാനം രാജിവെച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ട്.
ബി.ജെ.പി, കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ബി.ജെ.പി എം.എല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചിരുന്നു. മണ്ട്സൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എ ഹര്‍ദീപ് സിംഗാണ് പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എം.എല്‍.എ സ്ഥാനം രാജിവെച്ചത്.
അതേസമയം മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അരവിന്ദ് മേനോന്‍, മധ്യപ്രദേശ് മുന്‍ മന്ത്രി നരോത്തം മിശ്ര തുടങ്ങിയവര്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ദല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരായ രാഹുല്‍ ലോധിയും പ്രദുമാന്‍ ലോധിയും മറ്റുചിലരും കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേലുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
മധ്യപ്രദേശില്‍ കുറച്ചുദിവസമായി കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഹര്‍ദീപ് സിംഗ് അടക്കമുള്ള എട്ട് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
മുന്‍മുഖ്യമന്ത്രി ശിവരാജ് സിങും മുന്‍മന്ത്രി നരോത്തം മിശ്രയും ചേര്‍ന്ന് 25-30 കോടി വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.