പെഡല്‍ ചവിട്ടി ടോക്കിയോവിലേക്ക് ; ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന് ആശംസയുമായി മൂവര്‍ സംഘം; പിന്നിടേണ്ടത് എട്ട് രാജ്യങ്ങള്‍
Details Story
പെഡല്‍ ചവിട്ടി ടോക്കിയോവിലേക്ക് ; ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന് ആശംസയുമായി മൂവര്‍ സംഘം; പിന്നിടേണ്ടത് എട്ട് രാജ്യങ്ങള്‍
അളക എസ്. യമുന
Friday, 27th December 2019, 1:21 pm

2020 ജൂലായി 24 ന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍വെച്ച് നടക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന് ആശംസകളുമായി കേരളത്തില്‍ നിന്ന് മൂന്ന് പേരുണ്ടാകും, ക്ലിഫിന്‍ ഫ്രാന്‍സിസ് , ഡോണ ജേക്കബ് , ഹസീബ് അഹസന്‍.

ഇക്കഴിഞ്ഞ ഡിസംബര്‍ 15 ന് ഇവര്‍ ടോക്കിയോവിലേക്കുള്ള യാത്ര ആരംഭിക്കികയും ചെയ്തു.

ജൂലായില്‍ നടക്കുന്ന ഒളിമ്പിക്സിന് ഇത്ര നേരത്തെ എന്തിനാണ് യാത്ര തുടങ്ങുന്നത് എന്ന ചേദ്യം സ്വാഭാവികമാണ്. ആ ചോദ്യം തന്നെയാണ് ഇവരുടെ യാത്രയുടെ പ്രസക്തിയും.

എട്ടുരാജ്യങ്ങളിലൂടെ 10,400 കിലോമീറ്റര്‍ താണ്ടി ഏതാണ്ട് എട്ട് മാസം എടുത്ത് സൈക്കിള്‍ ചവിട്ടിയാണ് ക്ലിഫിനും ഡോണയും ഹസീബും ഒളിമ്പിക്സ് കാണാന്‍ പോകുന്നത്.

ഡോണയും ക്ലിഫിനും കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടു ജനുവരി 15ന് ഹസീബ് ഹൈദരാബാദില്‍ വെച്ച് ഇവര്‍ക്കൊപ്പം ചേരും.

ദിവസവും അഞ്ച് മുതല്‍ ആറുമണിക്കൂര്‍ സൈക്കിള്‍ ചവിട്ടി 80- 100 മീറ്റാണ് പിന്നിടുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.

തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍ ഒരുമിച്ചു പഠിച്ചവരാണു മൂന്നുപേരും. ക്ലിഫിന്‍ ഫ്രാന്‍സിസ് ആലപ്പുഴ തുറവൂര്‍
തുറവൂര്‍ സ്വദേശിയും ഡോണ കോട്ടയം ചങ്ങനാശേരിസ്വദേശിയും ഹസീബ് പൊന്നാനി സ്വദേശിയുമാണ്.

ഐ.ടി മേഖലയില്‍ ജോലിചെയ്തിരുന്ന ക്ലിഫിന്‍ ഇപ്പോള്‍ ഫ്രീലാന്‍സ് ടീച്ചറാണ്, ഡോണ മെക്സിക്കോയില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഹസീബ് ആമസോണില്‍ ജോലി ചെയ്യുന്നു. ഒളിമ്പിക്സ് യാത്രക്ക് വേണ്ടി മൂന്നുപേരും ജോലിയില്‍ നിന്ന് താല്‍ക്കാലികമായി അവധി എടുത്തിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” പെണ്‍കുട്ടിയായത് കൊണ്ട് ഒന്നും പറ്റില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. ആ ധാരണ ആദ്യം കളയണം. പലരും പറയും പെണ്‍കുട്ടിയല്ലേ, ഒറ്റക്കല്ലേ എന്നൊക്കെ. ആള്‍ക്കാറും പലരും പലതും പറയും അതൊന്നും കേള്‍ക്കേണ്ട കാര്യമില്ല. ശരിയാണെന്ന് തോന്നുന്ന കാര്യം ചെയ്യണം. ” ഡോണ ഡൂള്‍ന്യൂസിനോട് പറഞ്ഞു. വീട്ടില്‍ നിന്ന് സുരക്ഷയെക്കുറിച്ച് ആദ്യം ആശങ്കപ്രകടിപ്പിച്ചെങ്കിലും പിന്നീട് പൂര്‍ണ പിന്തുണയാണ് നല്‍കിയതെന്നും ഡോണ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ വീട്ടില്‍ ആദ്യം ചില ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് കട്ട സപ്പോര്‍ട്ടായിരുന്നു’ ഡോണ പറഞ്ഞു.

ഇന്ത്യന്‍ ടീമിനുള്ള പിന്തുണ അറിയിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയില്‍ സൈക്ളിംഗ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യം കൂടി തങ്ങളുടെ യാത്രക്കുണ്ടെന്ന് ക്ലിഫിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ത്രീശാക്തീകരണ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡോണ ക്യൂബ അടക്കമുള്ള പല രാജ്യങ്ങളിലേക്കും സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ട്.

ടോക്കിയോവിലേക്കുള്ള സൈക്കിള്‍ യാത്രയിലും ഡോണ മുന്നോട്ട് വെക്കുന്നത് സ്ത്രീ ശാക്തീകരണം തന്നെയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും ഈ യാത്രയ്ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കുമെന്ന് ഡോണ പറഞ്ഞു

2018ലെ ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ ദുബായില്‍നിന്ന് റഷ്യയിലേക്ക് സൈക്കിളില്‍ തന്നെയാണ് ക്ലിഫിന്‍ ഫ്രാന്‍സിസ് പോയത്.അന്ന് 5,000 കിലോമീറ്ററായിരുന്നു സൈക്കളില്‍ സഞ്ചരിച്ചത്. ക്യൂബ, മ്യാന്‍മര്‍, മെക്‌സിക്കൊ, ഗ്വാട്ടിമല എന്നിവിടങ്ങളിലും ക്ലിഫിന്‍ ദീര്‍ഘദൂര സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്.

” ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മിക്കവാറും ആള്‍ക്കാറും അഞ്ച്- പത്ത് കിലോമീറ്റര്‍ ദൂരമൊക്കെ പോകാന്‍ കാറോ ബൈക്കോ ആണ് ഉപയോഗിക്കുന്നത്. ചെറിയ ദൂരമൊക്കെ പോകാന്‍ സൈക്കിള്‍ ഉപയോഗിക്കാവുന്നതാണ്.” ക്ലിഫിന്‍ പറഞ്ഞു.

ഹസീബ് അഹസന്റെ ആദ്യത്തെ ദീര്‍ഘദൂര സൈക്കിള്‍ യാത്രയാണിത്. സൗഹൃദവും സൈക്കിളിങുമൊക്കെയായി ടോക്കിയോവിലേക്കുള്ള യാത്ര ആസ്വദിക്കുകയാണ് ഈ മൂന്ന് സൂഹൃത്തുകളും. സൈക്കിളിംഗ് ടൂറിസം ഇന്ത്യയിലേക്ക് കൊണ്ടു വരണമെന്ന ആഗ്രവും ഈ സുഹൃത്തുക്കള്‍ക്ക് ഉണ്ട്.

കൊച്ചി കലൂരില്‍ നിന്ന് തുടങ്ങി യാത്ര.ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്റ്, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കടന്ന് എട്ട് മാസം കഴിഞ്ഞാണ് ഇവര്‍ ജപ്പാനിലെ ടോക്കിയോവില്‍ എത്തുക. പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിക്കൊണ്ടുള്ള യാത്രയായിരിക്കും ഇവരുടേത്. മാസങ്ങളായി സൈക്കിള്‍ ചവിട്ടി ഇവര്‍ പരിശീലനം നടത്തിയിരുന്നു. യാത്രയില്‍ പരിചയപ്പെട്ടുന്ന ആളുകള്‍ക്ക് ആശംസ എഴുതാന്‍ ഒരു ഫോട്ടോ ബുക്ക് കരുതിയിട്ടുണ്ട്. ഒരുലക്ഷം രൂപ വരുന്ന ഗ്രാന്‍ഡുറന്‍സ് സൈക്കിളിലാണ് ഇവരുടെ യാത്ര. 20 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഡിസംബര്‍ 15 ന് പുറപ്പെട്ട ഡോണയും ക്ലിഫിനും ഇപ്പോള്‍ ബാംഗ്ളൂരില്‍ എത്തി. യാത്രയുടെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവര്‍ പങ്കുവെക്കുന്നുണ്ട്.

ടോക്കിയോവിലേക്കുള്ള യാത്ര മധ്യേ ഇവര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ തയ്യാറായി വിവിധ സൈക്ലിങ് കമ്യൂണിറ്റികള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

യാത്രക്കിടെ കടന്നുപോകുന്ന പ്രദേശങ്ങളുടെ കലാ കായിക സംസ്‌കാരം വൈവിധ്യങ്ങള്‍ പകര്‍ത്തി ടോക്കിയോവില്‍ ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിക്കാനും ഇവര്‍ക്ക് ഉദ്ദേശ്യമുണ്ട്.

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.