മുംബൈ: മധ്യപ്രദേശില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ഹിന്ദുത്വ അക്രമത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സെഹോര്‍ ജില്ലയിലെ ഇച്ചാവാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭീം റാവു അംബേദ്കറുടെ പ്രതിമ തകര്‍ക്കുകയും ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നേരം ആക്രമണം അഴിച്ചുവിട്ടെന്നുമാണ് കേസ്. ബജ്റംഗ്ദള്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
ജൂലൈ മാസം ആദ്യം നടന്ന ഘോഷയാത്രയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അക്രമമെന്നും പൊലീസിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഘോഷയാത്രയില്‍ ഹനുമാന്‍ പതാക കേടുവരുത്തിയതായി ആരോപിച്ചാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നത്.
അക്രമി സംഘം ദളിത് വിഭാഗത്തില്‍പ്പെട്ടയാളുകളുടെ വീടിന് കേടുപാടുകള്‍ വരുത്തുകയും, വീടിന് മുകളില്‍ കാവിക്കൊടി നാട്ടുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് പേരടങ്ങുന്ന സംഘമാണ് അംബേദ്കര്‍ പ്രതിമ തകര്‍ത്തതായി പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതിമ തകര്‍ക്കുന്നത് തടഞ്ഞ ഗ്രാമവാസികളെ അക്രമി സംഘം ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.
ഭീഷണിപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇച്ചാവാര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് അംബേദ്കറുടെ പ്രതിമ ഗ്രാമത്തില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ അജയ് റാത്തോഡ് എന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അന്ന് ഇത് സ്ഥാപിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് അംബേദ്കറേറ്റ് സംഘടനയുടെ പ്രതിനിധിയെ ഉദ്ധരിച്ചുള്ള ദി ഇന്ത്യന്‍ എക്സ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമത്തിന്റെ കവാടത്തില്‍ അംബേദ്കര്‍ പതാക സ്ഥാപിക്കുന്നതിനെതിരെയും ഹിന്ദുത്വ സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു.