പാട്ന: ഫലസ്തീൻ പതാക വീശിയതിനെ തുടർന്ന് ബീഹാറിലെ നവാഡയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഞായറാഴ്ച ധമൗള ഏരിയയിൽ മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയിലാണ് ആളുകൾ ഫലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പതാക ഉയർത്തിയത്. എന്നാൽ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജൂലൈ 9ന് ഉത്തർപ്രദേശിലെ ഭദോഹിയിൽ ചൊവ്വാഴ്ച നടന്ന മുഹറം ഘോഷയാത്രയിൽ ഫലസ്തീൻ പതാക വീശിയതിന് 20 കാരനായ ഒരു കടയുടമയെയും അറസ്റ്റ് ചെയ്തിരുന്നു.
ഫലസ്തീനെ പിന്തുണക്കുന്ന എല്ലാ നടപടികളും അടിച്ചമർത്തുന്ന രീതിയാണ് മോദി സർക്കാറിന്റേതെന്ന വിമർശനം ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങൾ. ഇന്ത്യ ചരിത്രപരമായി ഫലസ്തീനൊപ്പം നിൽക്കുകയും അതിൻ്റെ സ്വയം നിർണയ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തിരുന്നെങ്കിലും 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ഇസ്രഈലിനോപ്പം നിൽക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളം, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ വലിയ തോതിൽ അടിച്ചമർത്തപ്പെടുന്നുണ്ട്. എല്ലാ ഫലസ്തീൻ അനുകൂല നിലപാടുകളെയും അടിച്ചമർത്തുന്ന രീതിയാണ് നിലവിൽ കേന്ദ്രം സ്വീകരിക്കുന്നത്.