| Monday, 30th May 2022, 6:18 pm

കര്‍ഷക നേതാവിന് നേരെയുണ്ടായ മഷി ആക്രമണത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; ആക്രമണം ഗൂഢാലോചനയെന്ന് ടിക്കായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തിനു നേരെ മഷി ഒഴിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ബെംഗളൂരുവില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ അജ്ഞാത സംഘം ടിക്കായത്തിന് നേരെ മഷിയൊഴിക്കുകയായിരുന്നു.

അതേസമയം കിസാന് മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തിനെതിരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കിസാന്‍ മോര്‍ച്ച ട്വിറ്ററില്‍ കുറിച്ചു. ‘ഇത്തരം ആക്രമണങ്ങള്‍ ഞങ്ങളുടെ ആത്മാവിനെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് നടക്കുന്നത്. കര്‍ഷക സമരത്തില്‍ ഞങ്ങള്‍ നേടിയ വിജയം ചിലര്‍ക്ക് ഇപ്പോഴും ദഹിക്കുന്നില്ല. ഇത്തരം ആക്രമണങ്ങളിലൂടെ കര്‍ഷകരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനാണ് ആക്രമികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിഷേധിക്കണം.’ സംയുക്ത കിസാന്‍ മോര്‍ച്ച് ട്വിറ്ററില്‍ കുറിച്ചു.

ആക്രമണം ഗൂഢാലോചനയാണെന്നും, കര്‍ണാടക പൊലീസിനും സര്‍ക്കാരിനും സംഭവിച്ച വീഴ്ചയാണെന്നും ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ടിക്കായത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അനുകൂലികളും ആക്രമികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

ആക്രമം ഉണ്ടാകാന്‍ കാരണം കൃത്യമായി സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് സംഭവിച്ച് വീഴ്ചയാണെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും ടിക്കായത്ത് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവില്‍ നടന്ന പരിപാടിയ്ക്കിടെ അജ്ഞാത സംഘം ടിക്കായത്തിനെതിരെ മഷിയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നേരത്തെ പുറത്തുവിട്ടിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ ആക്രമികള്‍ക്ക് നേരെ കസേരയെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

പണം ആവശ്യപ്പെട്ട് കര്‍ണാടകയിലെ കര്‍ഷക നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണം നല്‍കാനായിരുന്നു ടിക്കായത്ത് അടങ്ങിയ സംഘം വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

2020ല്‍ ആരംഭിച്ച കര്‍ഷക സമരത്തിന് രാകേഷ് ടിക്കായത്ത് ആയിരുന്നു നേതൃത്വം നല്‍കിയത്. ദല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും 2020 മുതല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ കര്‍ഷകര്‍ സമരം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

Content Highlight: Three arrested for attacking kisan morcha leader rakesh tikait

We use cookies to give you the best possible experience. Learn more