| Sunday, 30th August 2015, 10:58 am

സൈനിക രഹസ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ചോര്‍ത്തിയെന്ന് സംശയം: മൂന്ന് സൈനികര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക് വഴി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന സംശയത്തില്‍ മൂന്ന് സൈനികര്‍ നിരീക്ഷണത്തില്‍. അശ്ലീല ചാറ്റിങിനിടെ സൈനിക താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്നാണ് സംശയിക്കപ്പെടുന്നത്.

സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം ആര്‍മി വാര്‍ കോളജില്‍ നിയമിക്കപ്പെട്ട കേണല്‍, രജ്പുത്തില്‍ നിന്നുള്ള ഒരു മേജര്‍, ഒരു ലെഫ്റ്റനന്റ് എന്നിവരെയയാണ് പ്രഥമാദൃഷ്ടാ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നതെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. സുന്ദരികളായി സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് വ്യക്തികളെ ചാറ്റിങിന് വശീകരിക്കുന്ന “ഓണ്‍ ലൈന്‍ ഹണി-ട്രാപ്പ്” ആണ് ഇതെന്നാണ് സംശയിക്കുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തരം ചാറ്റിങിനിടെ സൈനികര്‍ സൈനിക താവളത്തിന്റെ യാഥാര്‍ത്ഥ സ്ഥലം വെളിപ്പെടുത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. കോര്‍ട്ട് മാര്‍ഷ്യലില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും ഇത് ഭരണ നടപടിയോ അച്ചടക്ക നടപടിയോ ആയിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ സോഷ്യല്‍ മീഡിയയെക്കുറിച്ചും സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും ആവര്‍ത്തിച്ച് മിലിട്ടറി ഇന്റലിജന്‍സിലെ ഡയറക്ടറേറ്റ് ജനറല്‍ രാജ്യത്തുള്ള എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. സൈനിക താവളങ്ങള്‍, പെട്രോളിങ് രീതികള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അടുത്തിനിടെ നിരവധി ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more