ന്യൂദല്‍ഹി: മുന്‍ പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ നേതൃത്വത്തില്‍ ഇന്ത്യയുമായുണ്ടാക്കിയ ചില കരാറുകള്‍ പരിശോധിക്കാനായി പാര്‍ലമെന്ററി സമിതി രൂപീകരിച്ച് മാലിദ്വീപ്. കരാറുകള്‍ മാലിദ്വീപിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ എന്‍.ഡി.എ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പങ്കെടുത്തതിന് പിന്നാലെ തന്നെയാണ് ഈ നടപടി.
ഹിതാധു സെന്‍ട്രല്‍ എം.പിയായ അഹമ്മദ് അസാനാണ് മുന്‍പ്രസിഡന്റിന്റെ കാലത്ത് ഇന്ത്യയുമായുണ്ടാക്കിയ എല്ലാ കരാറുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയും മാലിദ്വീപും തമ്മില്‍ ഒപ്പുവെച്ച ഹൈഡ്രോഗ്രാഫി കരാര്‍, ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഉതുരു തില ഫല്‍ഹു തുറമുഖവുമായി ബന്ധപ്പെട്ട കരാര്‍, രക്ഷപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലുകള്‍ക്കുമായി മാലിദ്വീപ് പ്രതിരോധ സേനക്ക് ഇന്ത്യ നല്‍കിയ ഡോര്‍ണിയന്‍ വിമാനവുമായി ബന്ധപ്പെട്ട കരാറുകളാണ് സമിതി പരിശോധിക്കുക. മാലിദ്വീപ് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ സമിതിയാണ് പരിശോധന നടത്തുക.
ഈ കരാറുകള്‍ സംബന്ധിച്ച പരിശോധന നടക്കുമ്പോഴും ഇന്ത്യ ഏറ്റവും അടുത്ത അയല്‍രാജ്യവും സഖ്യകക്ഷിയുമായി തുടരുമെന്നും അഹമ്മദ് അസാന്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പരമാധികാരവും സ്വതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നതിനൊപ്പം ശക്തമായ ഉഭയകക്ഷി ബന്ധങ്ങള്‍ തഴച്ചുവളരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇന്ത്യയിലെ പുതിയ എന്‍.ഡി.എ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നടത്തിയ അത്താഴ സല്‍ക്കാരത്തില്‍ നരേന്ദ്രമോദിക്കടുത്ത് തന്നെയായിരുന്നു മുയിസുവിന്റെ സീറ്റ്.
content highlights: threats to the sovereignty and independence of the Maldives; Maldives will review agreements with India