| Wednesday, 29th December 2021, 8:11 am

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി 'വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള ചെപ്പടിവിദ്യകള്‍'; ലീഗ് ജില്ലാ സെക്രട്ടറിയുടെ കമന്റിനെതിരെ സമസ്തയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരായ വധഭീഷണി ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉള്ള ചെപ്പടി വിദ്യകള്‍’ ആണെന്ന വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുടെ കമന്റിനെതിരെ സമസ്തയുടെ വ്യാപക പ്രതിഷേധം.

വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യഖാന്‍ തലക്കലിനെതിരെയാണ് പ്രതിഷധം. ജിഫ്രി തങ്ങള്‍ക്കെതിരായി വധഭീഷണി വന്നെന്ന സിറാജ് ഓണ്‍ലൈനിന്റെ വാര്‍ത്തയ്ക്ക് താഴെയായിരുന്നു ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍,നാണക്കേട്’ എന്ന് യഹ്‌യഖാന്‍ കമന്റ് ചെയ്തത്.

സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്നും ലീഗ് യഹ്‌യഖാനെ തിരുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.

യഹ്‌യഖാനെതിരെ ലീഗില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യഹയ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്. ഉത്ത രവാദപ്പെട്ടവര്‍ തിരുത്തിച്ചില്ലെങ്കില്‍ ഞങ്ങള്‍ തിരുത്തുമെന്നാണ് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്വീഫ് വാഫി പ്രതികരിച്ചത്.

യഹ്‌യക്കെതിരെ രൂക്ഷവിമര്‍ശനവുമായി സത്യധാര സര്‍ക്കുലേഷന്‍ ചെയര്‍മാന്‍ ഖാസിം ദാരിമി പന്തിപ്പൊയിലും രംഗത്ത് എത്തി. ‘തലക്കലിന്റെ നിയന്ത്രിക്കാന്‍ തലപ്പത്തുള്ളവര്‍ വന്നി ല്ലെങ്കില്‍ തലക്കല്‍ മൂലക്കലുമാകും തലപ്പത്തുള്ളാര്‍ക്ക് തലവേദനയുമാകും എന്നായിരുന്നു ഖാസിം ദാരിമി പന്തിപ്പൊയിലിന്റെ കമന്റ്.

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കമന്റ് പിന്‍വലിച്ച യഹ്‌യഖാന്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താന്‍ കമന്റിട്ടതെന്നും ഒരു കൂട്ടര്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് എന്നുമാണ് വിശദീകരണം.

സമസ്തയുടെ ആദരണീയ നേതാവിനെ ഭീഷണിപ്പെടുത്തിയത് ആരാണെങ്കിലും അവരെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നുമായിരുന്നു യഹ്‌യഖാന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞത്.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ടെന്നും അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നുമാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്.

ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം. അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം പറഞ്ഞത്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടിരുന്നു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടതിനെതിരെ മുസ്ലിം ലീഗ് പള്ളികള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്യുന്നതിനിടയില്‍ സമരത്തിനെതിരെ ജിഫ്രി തങ്ങള്‍ പരസ്യനിലപാടെടുത്തിരുന്നു. പിന്നാലെ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നിരുന്നത്. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലും ജിഫ്രി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Threats against Jifri Muthukkoya Thangal, Samastha against the comment of the League District Secretary

We use cookies to give you the best possible experience. Learn more