| Monday, 7th November 2022, 7:49 pm

'ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു'; ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പിക്ക് വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ കൊലപാതക കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പിക്ക് വധഭീഷണി. നാര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പി അനില്‍ കുമാറിനെതിരെയാണ് ഭീഷണി.

വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി ഒമ്പതരക്കാണ് ഭീഷണി കോളെത്തിയത്. ‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’ എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി.

അതേസമയം ശ്രീനിവാസന്‍ കൊലപാതക കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 32 ആയി.

കേസില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അമീര്‍ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റത്തിനാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്തത്.

ശ്രീനിവാസന്‍ കൊലപാതകത്തിന് തലേദിവസവും കൊലപാതക ദിവസവും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ അമീര്‍ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ 16ന് ആയിരുന്നു പാലക്കാട് മേലാമുറിയിലെ കടയില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Content Highlight: Threatening call to DYSP who investigating RSS leader Sreenivasan’s murder case

We use cookies to give you the best possible experience. Learn more