ലഖ്‌നൗ: മുസ്‌ലിം നാമധാരികളുടെ പേരില്‍ അയോധ്യയിലെ നിര്‍മ്മാണം തുടരുന്ന രാമക്ഷേത്രവും ദല്‍ഹി മെട്രോയും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ദമ്പതികള്‍ അറസ്റ്റില്‍. അയോധ്യ നിവാസിയായ മനോജിനെ വിളിച്ച് രാമ ക്ഷേത്രം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
അനില്‍ രാംദാസ് ഗൊഡാകെയും ഭാര്യ വിദ്യാ സാഗര്‍ ദോത്രേയും മുസ്‌ലിം മതവിശ്വാസികളാണെന്ന വ്യാജേന മനോജിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവര്‍ മുസ്‌ലിം നാമധാരികളാണെന്ന് വിശ്വസിപ്പിച്ച് ആളുകളെ പറ്റിച്ച് പണം സമ്പാദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇവരുടെ കയ്യില്‍ നിന്നും വിശുദ്ധ ഖുര്‍ആന്റെ രണ്ട് കോപ്പികളും മുസ്‌ലിം മത വിശ്വാസികള്‍ ധരിക്കുന്ന രണ്ട് തൊപ്പികളും മറ്റ് ചില വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികള്‍ രണ്ട് പേരും മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ളവരാണെന്നും ഇവരെ മുംബൈയിലെ ചെമ്പൂറില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും അയോധ്യയിലെ സര്‍ക്കിള്‍ ഓഫീസര്‍ ഷൈലേന്ദ്ര കുമാര്‍ അറിയിച്ചു.
ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബിലാല്‍ എന്ന പേര് ഉപയോഗിച്ച് വ്യാജ നമ്പറില്‍ അയോധ്യ നിവാസിയെ ഫോണ്‍ വിളിക്കുകയായിരുന്നു. ഉടനടി മനോജ് പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മഹാരാഷ്ട്ര, കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലൊക്കയും മാറി മാറി സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.