|

ഉദ്ദവ് താക്കറെയ്‌ക്കെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; ശിവസേനയ്‌ക്കെതിരെ പരാതിയുമായി വനിതാ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ സംസാരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം.പി നവനീത് കൗര്‍ റാണ. ഇതുസംബന്ധിച്ച് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയെന്ന് നവനീത് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ വാഹനമുടമ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ താന്‍ സംസാരിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചതെന്നും നവനീത് പറഞ്ഞു. ജയിലിലടയ്ക്കുമെന്ന് മാത്രമല്ല മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞും നിരവധി ഫോണ്‍ കോളുകള്‍ തനിക്ക് വന്നതായും നവനീത് പറയുന്നു.

‘മാര്‍ച്ച് 22നാണ് ശിവസേന എം.പി അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തിയത്. രാജ്യത്തെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലായിരുന്നു സാവന്തിന്റെ പെരുമാറ്റം. സാവന്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു’, നവനീതിന്റെ പരാതിയില്‍ പറയുന്നു.

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങളില്‍ താന്‍ പ്രതികരിച്ചപ്പോഴായിരുന്നു സാവന്ത് വളരെ ക്ഷുഭിതനായി തന്നോട് സംസാരിച്ചതെന്നായിരുന്നു നവനീത് പറഞ്ഞത്. നിന്നെയും ജയിലിലടയ്ക്കും, മഹാരാഷ്ട്രയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു സാവന്തിന്റെ ഭീഷണിയെന്നും നവനീത് പറഞ്ഞു.

ശിവസേനയുടെ പേരില്‍ നിരവധി ഭീഷണി കത്തുകളും തനിക്ക് ലഭിച്ചിരുന്നുവെന്നും നവനീത് പറഞ്ഞു. ഉദ്ദവ് താക്കറെയ്‌ക്കെതിരെ നാവുയര്‍ത്തിയാല്‍ നിന്റെ സുന്ദരമായ മുഖം അധികം കാലമുണ്ടാകില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമായിരുന്നു തനിക്ക് ലഭിച്ച ഭൂരിഭാഗം കത്തുകളിലുമെന്ന് നവനീത് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Threatened In Parliament, Warned Of Acid Attack’ Women MP Accuses Shiv Sena

Video Stories